Kerala

കൊച്ചിയിലെ ജനകീയ ഹോട്ടല്‍ : അഞ്ചു ദിവസം കൊണ്ട് 10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കിയത് 10,350 പേര്‍ക്ക്

പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങള്‍ നല്‍കി വരുന്നതെന്ന് മേയര്‍ പറഞ്ഞു. ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങളാണ്

കൊച്ചിയിലെ ജനകീയ ഹോട്ടല്‍ : അഞ്ചു ദിവസം കൊണ്ട് 10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കിയത് 10,350 പേര്‍ക്ക്
X

കൊച്ചി: വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കൊച്ചി കോര്‍പ്പറേഷന്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടല്‍ സമൃദ്ധി@കൊച്ചി ജനങ്ങള്‍ ഏറ്റെടുത്തതായി കൊച്ചി മേയര്‍.അഞ്ചു ദിവസം കൊണ്ട് ഹോട്ടല്‍ വഴി ഉച്ച ഭക്ഷണം നല്‍കിയത് 10,350 പേര്‍ക്ക്.പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങള്‍ നല്‍കി വരുന്നതെന്ന് മേയര്‍ പറഞ്ഞു. ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങളാണ്.

വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചും നിലവിലുള്ള സര്‍ക്കാര്‍ സബ്‌സിഡി ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്.കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. 5 ദിവസം കൊണ്ട് 10,350 പേര്‍ക്കാണ് പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കിയത്. ഇതു ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും മേയര്‍ പറഞ്ഞു.

നഗരത്തിന്റെ വിശപ്പടക്കുന്നതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്‍കി മാന്യമായ വേതനം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്. ഇത്തരത്തിലുളള പദ്ധതികളെല്ലാം നടപ്പാക്കുമ്പോള്‍ സാധാരണ ഗതിയില്‍ സബ്‌സിഡി ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചും വലുതും ചെറുതുമായ വിവിധ കമ്പനികളുടേയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടേയും സഹായത്തോടെ ഈ പദ്ധതി എല്ലാവരിലും എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അതിനായി പുതിയൊരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

എല്ലാ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തിലേക്ക് സംഭാവന നല്‍കുവാന്‍ കഴിയും. നിരവധി പേരുടെ സഹായ വാഗ്ദാനം ഇതിനോടകം അറിയിച്ചിട്ടുണ്ട്.ഒരു മാസത്തിനുളളില്‍ ഹോട്ടലില്‍ പരമാവധി സൗകര്യമൊരുക്കി കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ഭക്ഷണം നല്‍കുന്നതിനുളള സജ്ജീകരണങ്ങളും നഗരസഭ ഒരുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കലൂരില്‍ കാനയുടെ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ വീടിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന സ്ലാബ് വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളി ധന്‍പാല്‍ നായിക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചതായി മേയര്‍ പറഞ്ഞു. ഇതോടൊപ്പം അപകടത്തില്‍ സാരമായി പരിക്കേറ്റ ബംങ്കാരു സ്വാമിക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റ ശിവാജി നായ്കിന് ഒരു ലക്ഷം രൂപയും നല്‍കാനും, ഇവരുടെ ചികില്‍സാ ചിലവുകള്‍ പൂര്‍ണ്ണമായും വഹിക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചുവെന്നും മേയര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it