Kerala

കിഫ്ബി: നിയമസഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയെ അല്ല സിഎജി വിമര്‍ശിച്ചത്. കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സിഎജി വിമര്‍ശനമുന്നയിച്ചത്.

കിഫ്ബി: നിയമസഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി
X

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ അവതരണവേളയിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചത്. വി ഡി സതീശന്‍ എംഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു. അതേസമയം, അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രമേയ ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.

കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കിഫ്ബിയെ അല്ല സിഎജി വിമര്‍ശിച്ചത്. കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സിഎജി വിമര്‍ശനമുന്നയിച്ചത്. കിഫ്ബിക്ക് വിശദീകരണത്തിന് സിഎജി അവസരം നല്‍കിയതാണ്. മറിച്ചുള്ള മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. മന്ത്രി കള്ളം പറയുകയാണെന്നും സതീശന്‍ പറഞ്ഞു. സിഎജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സിഎജി റിപോര്‍ട്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 293ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചാണ് വിദേശത്ത് പോയി കിഫ്ബിയുടെ മസാല ബോണ്ട് വിറ്റ് ലോണ്‍ വാങ്ങിയത്.

മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നു. സിഎജി സര്‍ക്കാരിന് മിനിറ്റ്‌സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്‌സ് തിരിച്ചയച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. സതീശന് മറുപടിയുമായി എത്തിയ ജെയിംസ് മാത്യു എംഎല്‍എ രൂക്ഷമായ പ്രത്യാക്രമണമാണ് പ്രതിപക്ഷത്തിനെതിരേ നടത്തിയത്. ആര്‍ട്ടിക്കിള്‍ 293 സര്‍ക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരല്ല ബോണ്ട് ഇറക്കിയത്. സര്‍ക്കാര്‍ ബോണ്ടാണെങ്കില്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 293 ബാധകമാവൂ. കോര്‍പറേറ്റ് ബോഡിയായ കിഫ്ബിക്ക് ബാധകമല്ല. സര്‍ക്കാര്‍ ഭരണഘടന ലംഘിച്ചിട്ടില്ല. ഭരണഘടനാ ലംഘനമില്ലാത്തതുകൊണ്ടാണ് ആരും നപടിയെടുക്കാത്തതെന്നും ജയിംസ് മാത്യു വിശദീകരിച്ചു.

Next Story

RELATED STORIES

Share it