Kerala

ധനലഭ്യതയും ഗുണനിലവാരവും ഉത്തരവാദിത്തം; മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി

പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ ഇന്നലെ ആരോപിച്ചത്. കിഫ്ബിയിലെ ചില ഉദ്യോഗസ്ഥര്‍ രാക്ഷസന്മാരെപ്പോലെയാണ്.

ധനലഭ്യതയും ഗുണനിലവാരവും ഉത്തരവാദിത്തം; മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി
X

തിരുവനന്തപുരം: ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും തങ്ങളുടെ ഉത്തരവാദിത്തമെന്ന് കിഫ്ബി. ആലപ്പുഴയിലെ കുടിവെള്ള പ്രശ്‍നത്തില്‍ കിഫ്‍ബിക്കെതിരായ മന്ത്രി ജി സുധാകരന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് പേജിലൂടെയാണ് കിഫ്ബിയുടെ പ്രതികരണം. പദ്ധതികള്‍ വിഴുങ്ങുന്ന സംവിധാനമായി കിഫ്ബി മാറിയെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ ഇന്നലെ ആരോപിച്ചത്. കിഫ്ബിയിലെ ചില ഉദ്യോഗസ്ഥര്‍ രാക്ഷസന്മാരെപ്പോലെയാണ്. കിഫ്‍ബിക്ക് കൊടുത്ത റോഡിന്‍റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നും ഇന്നലെ ജി സുധാകരന്‍ പറഞ്ഞിരുന്നു.

വർക്കല- പൊൻമുടി ടൂറിസം റോഡിലെ പാലോട്- കാരേറ്റ് സ്‌ട്രെച്ചിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ മുൻനിർത്തിയാണ് കിഫ്ബിയുടെ മറുപടി. ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽ തന്നെ ഇൻസ്‌പെക്ഷൻ അഥോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇൻസ്‌പെക്ഷൻ അഥോറിറ്റിക്ക് പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമം നൽകുന്നു. ഈ പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡാണ് എസ്പിവി. എസ്പിവിയെ തിരഞ്ഞെടുക്കുന്നത് പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്.

ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഭാവിയിലും കർശനമായ ഗുണനിലവാര പരിശോധനയും തുടർന്നുള്ള നിർദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും വിശദീകരണത്തിൽ പറയുന്നു.

കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

വർക്കല- പൊൻമുടി ടൂറിസം റോഡിലെ പാലോട്- കാരേറ്റ് സ്‌ട്രെച്ചിനെ കുറിച്ചുവന്ന മാധ്യമവാർത്ത ശ്രദ്ധയിൽ പെട്ടു. ഇത് വാമനപുരം- ചിറ്റാർ റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി വരും. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള കിഫ്ബിയുടെ ബോർഡ് അംഗീകരിച്ച പദ്ധതികളിലൊന്നാണിത്. ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽ തന്നെ ഇൻസ്‌പെക്ഷൻ അഥോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇൻസ്‌പെക്ഷൻ അഥോറിറ്റിക്ക് പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമം നൽകുന്നു.

ഈ പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡാണ് എസ്പിവി. എസ്പിവിയെ തിരഞ്ഞെടുക്കുന്നത് പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. അതേസമയം ലോകബാങ്ക് സഹായം നൽകുന്ന കെഎസ്ടിപി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതികളിലും റോഡുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കെഎസ്ടിപി ഡിവിഷനും കേരള റോഡ് ഫണ്ട് ബോർഡിനും കൈമാറുന്നു. എന്നാൽ കിഫ്ബി പദ്ധതിയിൽ ഈ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് കൈമാറുന്നില്ല. വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിർവഹണം. കെഎസ്ടിപി- സിആർഡിപി രീതികളേക്കാൾ പൊതുമരാമത്ത് വകുപ്പിന്റെ ശേഷി വർധനയ്ക്ക് ഈ രീതിയാണ് നല്ലതെന്ന് സർക്കാർ നിശ്ചയിക്കുകയായിരുന്നു. ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും എസ്പിവി സിഇഒയും (ഇവിടെ കെആർഎഫ്ബി),കിഫ്ബി സിഇഓയും ഒരു ത്രികക്ഷി ഉടമ്പടിയിൽ ഏർപ്പെടുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനായി എസ്പിവിയെയും വകുപ്പ് ഉദ്യോഗസ്ഥൻമാരേയും സഹായിക്കുന്നതിനായി കിഫ്ബി, ടെക്‌നിക്കൽ റിസോഴ്‌സ് സെന്റർ(ടിആർസി)എന്നൊരു സംവിധാനത്തിന് രൂപംകൊടുത്തിട്ടുണ്ട്. ടിആർസി മുന്തിയ തലത്തിലുള്ള സാങ്കേതിക ഉപദേശം വകുപ്പുകൾക്ക് നൽകുന്നു.

മേൽപ്പറഞ്ഞ പദ്ധതിയിലെ പാലോട്- കാരേറ്റ് സ്‌ട്രെച്ചിനെ കുറിച്ചുള്ള മാധ്യമവാർത്തയ്ക്കും മുന്നേ പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികൾ, വകുപ്പ് തുടർനടപടികൾക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു. ഇതേതുടർന്ന് കിഫ്ബി ഇൻസ്‌പെക്ഷൻ ടീം പരാതി ഉയർന്ന സ്‌ട്രെച്ചിൽ പരിശോധനകൾ നടത്തി. പരിശോധനയിൽ റോഡ്‌നിർമാണത്തിലെ ഒട്ടേറെ പിഴവുകൾ സംഘം കണ്ടെത്തി. ടിആർസിയും കിഫ്ബിയും ചേർന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിർമാണം എന്നു സംഘം കണ്ടെത്തി. വർക് സൈറ്റിൽ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകൾ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്, സ്റ്റീൽ രജിസ്റ്ററുകൾ നിർമാണം തുടങ്ങി 15 മാസങ്ങൾക്ക് ശേഷവും സൈറ്റിൽ ഉണ്ടായിരുന്നില്ല.

പ്രൈം, ടാക് കോട്ടുകളുടെ സ്‌പ്രേ റേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മൂല്യം തെറ്റായിരുന്നു. എന്നിട്ടും ചാർജുണ്ടായിരുന്ന എൻജിനീയർ അതിന് അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അഥോറിറ്റിയുടെ ആവർത്തിച്ചുള്ള നിർദേശമുണ്ടായിട്ടും പിഇഡി തയാറാക്കിയില്ല. കഴിഞ്ഞ ഏപ്രിലിൽ ഇൻസ്‌പെക്ഷൻ ടീം നടത്തിയ പരിശോധനയിൽ 23 ശതമാനം മാത്രമാണ് നിർമാണത്തിലുണ്ടായ പുരോഗതിയെന്ന് കണ്ടെത്തി. എന്നാൽ കരാറനുസരിച്ച് ഈ സമയത്തിനകം 72 ശതമാനം പണികൾ കരാറുകാരൻ പൂർത്തിയാക്കേണ്ടതായിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്‌സാമിനർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ സമയബന്ധിതമായി ഇതു പാലിക്കപ്പെട്ടിട്ടില്ല. പദ്ധതിയുടെ രൂപകൽപ്പനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ അതു കിഫ്ബി മാർഗരേഖയ്ക്ക് വിധേയമായി മാത്രമേ പാടുള്ളു എന്നതും നിർദേശിക്കപ്പെട്ടിട്ടുണ്ട്.

ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട കിഫ്ബി നൽകിയിട്ടുള്ള മേൽപ്പറഞ്ഞ നിർദേശങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. ഇത്തരത്തിലുള്ള 36 പിഡബ്ല്യൂഡി നിർമാണപ്രവൃത്തികളിൽ ഗുണനിലവാരമോ, പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ നിർമാണപ്രവൃത്തികളെ താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്തുമുഖേന പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് നിർമാണത്തിലിരുന്ന 12 നിർമാണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം നൽകിയിരുന്നു. പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തൽ നിർദേശം നൽകിയിട്ടും ഫലംകാണാതെ വന്നതിനെ തുടർന്നാണ് ഈ 12 പദ്ധതികൾക്ക് സ്‌റ്റോപ് മെമ്മോ നൽകേണ്ടിവന്നത്. ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഭാവിയിലും കർശനമായ ഗുണനിലവാര പരിശോധനയും തുടർന്നുള്ള നിർദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകും.

കിഫ്ബി ഉറപ്പു വരുത്തുന്നു. ധനലഭ്യത, ഗുണനിലവാരം, സമയക്രമം.

Next Story

RELATED STORIES

Share it