Kerala

കേരളത്തിലും ഭീകരവിരുദ്ധ സ്‌ക്വാഡ്

മഹാരാഷ്ട്ര മാതൃകയിലാണ് എടിഎസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പോലിസ് സൂപ്രണ്ട് പദവിയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും എടിഎസ് തലവന്‍. തിരുവനന്തപുരം കൂടാതെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഓഫിസ് തുറക്കും.

കേരളത്തിലും ഭീകരവിരുദ്ധ സ്‌ക്വാഡ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ മാവോവാദി, തീവ്രവാദ ഭീഷണി എന്നിവയെ തടയുന്നതിന് കേരളത്തിലും ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) രൂപീകരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി ഒരു മാസത്തിനകം എടിഎസ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ മഹാരാഷ്ട്ര മാതൃകയിലാണ് എടിഎസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പോലിസ് സൂപ്രണ്ട് പദവിയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും എടിഎസ് തലവന്‍. തിരുവനന്തപുരം കൂടാതെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഓഫിസ് തുറക്കും. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്ന് എടിഎസിന്റെ ഘടന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച കരടുരൂപം തയ്യാറാക്കിയിട്ടുണ്ട്. കമാന്‍ഡോ പരിശീലനം ലഭിച്ച 75 പേരെയാണ് സ്‌ക്വാഡില്‍ അംഗമാക്കുകയെന്നാണ് വിവരം. ഇവര്‍ക്ക് അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും നല്‍കും.

അതേസമയം, സംസ്ഥാന പോലിസിലെ വിവിധ യുണിറ്റുകളിലെ മികച്ച ഓഫിസര്‍മാരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിജിപി വകുപ്പുകളുടെ റിപ്പോര്‍ട്ട് ഈമാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വന്നതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് എടിഎസ് പ്രവര്‍ത്തനം ശക്തമാക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തി ഫലപ്രദമായി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളാകും ഉണ്ടാകുക. ഉന്നതോദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലും നിയന്ത്രണത്തിലാകും സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. പിടിക്കപ്പെടുന്നവരുടെ പ്രോസിക്യൂഷന്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കും.

മറ്റു സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേനകളുമായി സഹകരിച്ചാകും പ്രവര്‍ത്തനം. ഭീകരവാദം സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കും. രാസവസ്തുക്കള്‍, ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ഇലക്ട്രോണിക സാധനങ്ങള്‍ എന്നിവയുടെ ശേഖരണവും കൊണ്ടു പോകലുമെല്ലാം ഇനി മുതല്‍ സ്‌ക്വാഡിന്റെ കര്‍ശന നിരീക്ഷണത്തിലാകും. സംസ്ഥാന പോലിസിലെ കമാന്‍ഡോ, തണ്ടര്‍ബോള്‍ട്ട് വിഭാഗങ്ങളും സ്‌ക്വാഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. തീരദേശ പ്രദേശത്ത് രഹസ്യാന്വേഷണം ശക്തിപ്പെടുത്തുന്നതിനായി മത്സ്യതൊഴിലാളികളുടെ സഹകരണത്തോടെ പോലിസിന്റെ പ്രത്യേക യൂനിറ്റ് രൂപീകരിക്കും.

Next Story

RELATED STORIES

Share it