Kerala

കൊവിഡ് വ്യാപനം: പ്രതിരോധ നടപടികൾ കർശനമാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം

സമ്പർക്കത്തിലൂടെയോ ഉറവിടം അറിയാതെയോ കൂടുതൽ രോഗസ്ഥിരീകരണം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ(ക്ലസ്റ്ററുകൾ) സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കും.

കൊവിഡ് വ്യാപനം:  പ്രതിരോധ നടപടികൾ കർശനമാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ്-19 സാമൂഹിക വ്യാപനത്തിന് സാധ്യത നിലനിൽക്കെ പ്രതിരോധ നടപടികൾ കർശനമാക്കാനും നിയന്ത്രണങ്ങൾ കടുപ്പിക്കാനും സർക്കാർ തീരുമാനം. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ ഇതിനോടകം സാമൂഹിക വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പർക്കത്തിലൂടെയോ ഉറവിടം അറിയാതെയോ കൂടുതൽ രോഗസ്ഥിരീകരണം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ(ക്ലസ്റ്ററുകൾ) സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കും. സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. വരും ദിവസങ്ങൾ നിർണായകമാണെന്നും രോഗവ്യാപനം ഇതേ വേഗത തുടർന്നാൽ ആഗസ്ത് ആദ്യത്തോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് സർക്കാർ കർശന നടപടികൾ പ്രഖ്യാപിക്കാൻ നിർബന്ധിതമായത്.

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരദേശ മേഖലകളിൽ കനത്ത ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആദ്യപടിയെന്നോണം തിരുവനന്തപുരം തീരമേഖലയില്‍ സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടേക്ക് പ്രവേശിക്കുന്നതിനോ പുറത്തേക്കു പോകുന്നതിനോ വിലക്കേർപ്പെടുത്തി. രാജ്യത്താദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ പുല്ലുവിളയിലും പൂന്തുറയിലും രോഗവ്യാപനം അതിവേഗത്തിലാണ്.

Next Story

RELATED STORIES

Share it