Kerala

സ്വപ്‌നയുടെ വിവാദ നിയമനം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് രണ്ടുവര്‍ഷത്തേയ്ക്ക് വിലക്ക്

യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ചവരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഐടി വകുപ്പ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്.

സ്വപ്‌നയുടെ വിവാദ നിയമനം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് രണ്ടുവര്‍ഷത്തേയ്ക്ക് വിലക്ക്
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയെ (പിഡബ്ല്യുസി) രണ്ടുവര്‍ഷത്തേയ്ക്ക് വിലക്കി. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ചവരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഐടി വകുപ്പ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിലെ അപാകതകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. നിലവിലുള്ള കെ-ഫോണിലെ കരാറും പുതുക്കിനല്‍കില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഐടി വകുപ്പ് ഉത്തരവിറക്കിയത്.

ഇ- മൊബിലിറ്റി പദ്ധതിയില്‍നിന്നും നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു. നേരത്തേ, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജരായി സ്വപ്‌ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യുസി ആയിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം പരിശോധിക്കേണ്ടത് പിഡബ്ല്യുസി ആണ്. എന്നാല്‍, ഇതില്‍ പിഡബ്ല്യുസിക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് ഐടി വകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

പിഡബ്ല്യുസി കണ്‍സള്‍ട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയെ വിലക്കാനുള്ള ഐടി വകുപ്പിന്റെ ഉത്തരവ്. സ്വപ്‌നയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന പിഡബ്ല്യുസി. കെഎസ്‌ഐടിഐഎല്‍ എംഡി ജയശങ്കര്‍ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്‌നയെ നിയമിച്ചത്. ഇരുപത് ലക്ഷം രൂപയാണ് സ്വപ്‌നയുടെ സേവനത്തിന് കെഎസ്‌ഐടിഐഎല്‍ കണ്‍സള്‍ട്ടന്‍സിയായി പിഡബ്ല്യുസിക്ക് നല്‍കിയത്.

Next Story

RELATED STORIES

Share it