Kerala

അന്തർ സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടു; നിർമാണ മേഖല പ്രതിസന്ധിയിൽ

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നിര്‍മാണ പ്രവര്‍ത്തികളെല്ലാം പുനരാരംഭിച്ചെങ്കിലും തൊഴിലാളികളുടെ കുറവാണ് കരാറുകാര്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അന്തർ സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടു; നിർമാണ മേഖല പ്രതിസന്ധിയിൽ
X

തിരുവനന്തപുരം: സംസ്ഥാനത്തെ അന്തർ സംസ്ഥാന തൊഴിലാളികള്‍ കൊവിഡിനെ തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് കേരളത്തിലെ കാര്‍ഷിക, വ്യവസായ, നിര്‍മാണ മേഖല വന്‍ പ്രതിസന്ധിയില്‍. തൊഴിലാളി ക്ഷാമം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

നിര്‍മാണ, ഹോട്ടല്‍ മേഖലയിലുള്ളവരാണു മടങ്ങിയതില്‍ കൂടുതലും. ഈ മേഖലകളാണു തൊഴിലാളികള്‍ മടങ്ങിയതോടെ ഏറ്റവും ദുരിതത്തിലായത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നിര്‍മാണ പ്രവര്‍ത്തികളെല്ലാം പുനരാരംഭിച്ചെങ്കിലും തൊഴിലാളികളുടെ കുറവാണ് കരാറുകാര്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളതിനാല്‍ കൂടുതല്‍ റോഡ്, പാലം തുടങ്ങിയവയുടെ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്ന സമയത്താണ് ലോക്ക് ഡൗണ്‍ വന്നത്. ഇതിനുശേഷം ഇപ്പോള്‍ പ്രവൃത്തികള്‍ ആരംഭിച്ചപ്പോഴേക്കും തൊഴിലാളികള്‍ മടങ്ങുകയും ചെയ്തു.

മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കം പ്രവര്‍ത്തിപ്പിച്ചിരുന്നരില്‍ ഏറെയും ഉത്തരേന്ത്യക്കാരായിരുന്നു. ഇപ്പോള്‍ പലയിടങ്ങളിലും ഇവയെന്നും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികള്‍ ഇനി എപ്പോള്‍ മടങ്ങി വരുമെന്നറിയാത്തതും പ്രശ്‌നമാണ്. നാട്ടിലേക്കു മടങ്ങിയ പലരെയും കരാറുകാര്‍ ബന്ധപ്പെടുമ്പോള്‍ കിട്ടുന്നില്ല. ഇവിടെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ പോലും പലരും ഉപേക്ഷിച്ച അവസ്ഥയിലാണ്. മടങ്ങിയവരില്‍ ഭൂരിഭാഗവും ഇനി തിരിച്ചു വരാന്‍ സാധ്യതയില്ലെന്നാണു കരാറുകാരടക്കം പറയുന്നത്

നിര്‍മ്മാണ പ്രദേശങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പലതും നശിച്ചു കൊണ്ടിരിക്കുകയാണ്. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയും പ്രളയാനന്തര പുനര്‍നിര്‍മാണവുമടക്കം നിലച്ചു. സിമന്റ്, കമ്പി എന്നിവ സൈറ്റുകളില്‍ കിടന്ന് നശിക്കുന്നു. വാര്‍ക്കാനായി അടിച്ച തട്ട് പലയിടത്തും ഉപയോഗശൂന്യമായി. ഇത് പൊളിച്ച് വീണ്ടും നിര്‍മിക്കണം. വാര്‍ത്ത കെട്ടിടങ്ങള്‍ നനച്ച് കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം 10 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികള്‍ കൊവിഡിനു മുമ്പ് സംസ്ഥാനത്തുണ്ടായിരുന്നു. സര്‍വ തൊഴില്‍ മേഖലകളിലും സാന്നിധ്യമുണ്ടായിരുന്ന ഇവരില്‍ ഭൂരിപക്ഷം പേരും തിരിച്ചുപോയി. അവശേഷിക്കുന്നവരില്‍ ഗണ്യഭാഗവും മടങ്ങാനായി യാത്രാസൗകര്യവും കാത്തുകഴിയുകയാണ്. കൊവിഡ് നിയന്ത്രണവിധേയമാകുന്നതോടെ തിരിച്ചുവരാമെന്നു കരുതിയാണ് അന്തർ സംസ്ഥാന തൊഴിലാളികള്‍ തിരിച്ചുപോകുന്നതെങ്കിലും ഒരു വര്‍ഷമെങ്കിലും കഴിയാതെ അവരില്‍ മിക്കവരും മടങ്ങിവരാന്‍ സാധ്യതയില്ല.

നിലവില്‍ ഉത്തരേന്ത്യയില്‍ കൃഷിക്കാലമായതിനാല്‍ നാട്ടില്‍നിന്നാലും അവര്‍ക്കു പണി ലഭിക്കാന്‍ സാധ്യതയുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കു പകരം കേരളത്തില്‍നിന്നുള്ള തൊഴിലാളികളെ ലഭിക്കുന്നില്ലെന്നതു നിര്‍മാണ മേഖല നേരിടുന്ന വലിയ തിരിച്ചടിയാണ്. ദീര്‍ഘകാലം തൊഴിലാളി ദൗര്‍ലഭ്യം അനുഭവിക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it