Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രളയ സെസ് ഈടാക്കില്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും

സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രളയ സെസ് ഈടാക്കില്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും
X

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്‍ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്‍ഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തിലധികം നികുതിയുള്ള ചരക്ക് സേവനങ്ങള്‍ക്ക് ഒരുശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവുമായിരുന്നു സെസ് ചുമത്തിയിരുന്നത്. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി.

പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കള്‍ക്കും വില കുറയും. പ്രളയ സെസ് പിന്‍വലിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. വാഹനങ്ങള്‍ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടിവി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, കിടക്കകള്‍, കാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ്, പെയിന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമാ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരുശതമാനം വിലയാണ് കുറയുക.

അഞ്ചുശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല. കോമ്പോസിഷന്‍ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യസാധനസേവനങ്ങളെയും സെസില്‍നിന്ന് ഒഴിവാക്കിയിരുന്നു. 12, 18, 28 ശതമാനം വീതം ജിഎസ്ടി നിരക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തി. ഇനി നാളെ മുതല്‍ പ്രളയ സെസ് ഈടാക്കില്ല. രണ്ടുവര്‍ഷം കൊണ്ട് 1,200 കോടിയാണ് പ്രളയ സെസ് മുഖേനെ പിരിക്കാനായി ലക്ഷ്യമിട്ടിരുന്നത്. മാസങ്ങള്‍ക്ക് മുമ്പേ ഈ ലക്ഷം കൈവരിക്കാന്‍ കഴിഞ്ഞു. 2018ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊടുത്ത റീ ബില്‍ഡ് കേരള പദ്ധതിയിലേക്ക് പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it