Kerala

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍

മാളയില്‍ നിന്ന് എരവത്തൂര്‍ കൊച്ചുകടവ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാളയില്‍ നിന്നും അന്നമനട വഴിയുള്ള ആലുവ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സര്‍വ്വീസുകളും തടസ്സപ്പെട്ടിരിക്കയാണ്.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു;  കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍
X

മാള: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഒട്ടനവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍. മാള വീണ്ടും പ്രളയഭീതിയിലായി. പുഴയോര പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാളയില്‍ നിന്ന് ചാലക്കുടിയിലേക്കും കരിങ്ങോള്‍ചിറ വഴി കൊടുങ്ങല്ലൂരിലേക്കും വാഹന ഗതാഗതം തടസ്സപ്പെട്ടു. മാളയില്‍ നിന്ന് എരവത്തൂര്‍ കൊച്ചുകടവ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാളയില്‍ നിന്നും അന്നമനട വഴിയുള്ള ആലുവ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സര്‍വ്വീസുകളും തടസ്സപ്പെട്ടിരിക്കയാണ്. മൂഴിക്കുളം, ചൂണ്ടാന്‍തുരുത്ത് തുടങ്ങിയേടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ടായതാണ് കാരണം. അന്നമനടയില്‍ നിന്ന് കൊരട്ടി, ചാലക്കുടി, മാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം നിലച്ചു. അന്നമനട, മാള ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അധികവും അടഞ്ഞ് കിടക്കുകയാണ്. വൈദ്യുതി വിതരണം ഇന്നലെ വൈകിയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

കൊച്ചുകടവ്, കുണ്ടൂര്‍, കണക്കന്‍കടവ്, പൊയ്യ മേഖലയില്‍ ആളുകള്‍ക്ക് വീടൊഴിയേണ്ട അവസ്ഥയാണ്. ഒട്ടനവധി കുടുംബങ്ങള്‍ ഇതിനകം വിവിധ ക്യാംപുകളിലേക്ക് മാറിയിരിക്കയാണ്. മാള, പൊയ്യ, അന്നമനട, പുത്തന്‍ചിറ, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. പൊയ്യ ഗ്രാമപഞ്ചായത്തില്‍ രണ്ട് ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ഒരു ക്യാംപില്‍ 197 പേരും മറ്റൊരു ക്യാംപില്‍ 28 പേരുമാണുള്ളത്.

കുഴൂര്‍ പഞ്ചായത്തില്‍ ആറ് ക്യാംപുകള്‍ തുറന്നു. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കുണ്ടൂര്‍ യുപി സ്‌കൂള്‍, ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എരവത്തൂര്‍ എല്‍ പി സ്‌കൂള്‍, തെക്കന്‍ താണിശ്ശേരി സെന്റ് മേരീസ് സ്‌കൂള്‍, മഠത്തുംപടി ചര്‍ച്ച് എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ തുറന്നത്. എരവത്തൂര്‍ സ്‌കൂളില്‍ കൊച്ചുകടവ്, മേലാംതുരുത്ത്, പുലയന്‍തുരുത്ത് തുടങ്ങിയേടങ്ങളിലുള്ള 228 കുടുംബങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം പേരും കുഴൂര്‍ സ്‌കൂളില്‍ കൊച്ചുകടവ്, കുണ്ടൂര്‍ തുടങ്ങിയേടങ്ങളിലുള്ള 80 കുടുംബങ്ങളില്‍ നിന്നായി 300 ല്‍പ്പരം പേരും കുണ്ടൂര്‍ സ്‌കൂളില്‍ വയലാര്‍, ചെത്തിക്കോട്, മൈത്ര, തിരുത്ത തുടങ്ങിയേടങ്ങളിലെ 125 കുടുംബങ്ങളില്‍ നിന്നായി 1250 പേരും ഐരാണിക്കുളം സ്‌കൂളില്‍ 75 കുടുംബങ്ങളില്‍ നിന്നായി 300 ഓളം പേരും മഠത്തുംപടി ചര്‍ച്ചില്‍ തിരുത്തയില്‍ നിന്നുമുള്ള 70 കുടുംബങ്ങളും മാറിത്താമസിച്ചു.

മാള ഗ്രാമപഞ്ചായത്തില്‍ രണ്ട് ക്യാംപുകള്‍ തുറന്നു. പഴൂക്കരയിലും മാള ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലുമാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നെയ്തക്കുടി പ്രദേശവാസികളെയാണ് മാള ഗവണ്‍മെന്റ് സ്‌കുളിലേക്ക് മാറ്റിയിരിക്കുന്നത് അന്നമനട ഗ്രാമപഞ്ചായത്തില്‍ മൂന്ന് ക്യാംപുകളാണ് തുറന്നത്. മേലഡൂര്‍ ഗവണ്‍മെന്റ് സമിതി ഹൈസ്‌കൂളിലെ ക്യാംപില്‍ ക്യാംപില്‍ ആയിരത്തോളം പേരുള്ളതായി അറിയുന്നു. വാളൂര്‍ ക്രിസ്ത്യന്‍ പള്ളി ഹാളിലും മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് മറ്റ് രണ്ട് ക്യാംപുകള്‍. പുത്തന്‍ചിറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. കൂടുതല്‍ ആളുകള്‍ ക്യാംപുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it