Kerala

പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നടുവില്‍ സുബ്ഹാന് ഒരു വയസ്; രക്ഷകരോടൊപ്പം ഒന്നാം പിറന്നാളാഘോഷം

ചെങ്ങമാനാട് സ്വദേശി ജബിലിന്റെയും സാജിതയുടെയും മകനാണ് സുബ്ഹാന്‍.ജന്മദിനത്തില്‍ സുബ്ഹാന് ആശംസകള്‍ നേര്‍ന്ന് നാവിക സേന ഫ്‌ളൈറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം പിറന്നാളിന്റെ ഇരട്ടി മധുരമായി. കഴിഞ്ഞ പ്രളയ സമയത്ത് പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിതയെ പ്രസവ അസ്വസ്ഥതകളെ തുടര്‍ന്ന്് സാഹസികമായിട്ടാണ് നാവിക സേന എയര്‍ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിക്കുന്നത്

പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നടുവില്‍ സുബ്ഹാന് ഒരു വയസ്; രക്ഷകരോടൊപ്പം ഒന്നാം പിറന്നാളാഘോഷം
X

കൊച്ചി: കേരളത്തെ പിടിച്ചുലച്ചുകൊണ്ട് വീണ്ടും മറ്റൊരു പ്രളയം കൂടി സംഹാരതാണ്ഡവമാടി കടന്നു പോകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നടുവില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് ചെങ്ങമാനാട് സ്വദേശി ജബിലിന്റെയും സാജിതയുടെയും മകന്‍ സുബ്ഹാന്‍.ജന്മദിനത്തില്‍ സുബ്ഹാന് ആശംസകള്‍ നേര്‍ന്ന് നാവിക സേന ഫ്‌ളൈറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ ഒന്നാം പിറന്നാളിന്റെ ഇരട്ടി മധുരമായി. കഴിഞ്ഞ പ്രളയ സമയത്ത് പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിതയെ പ്രസവ അസ്വസ്ഥതകളെ തുടര്‍ന്ന് സാഹസികമായിട്ടാണ് എയര്‍ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിക്കുന്നത്.പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നാവിക സേനയുടെ പ്രധാന നേട്ടങ്ങളിലൊന്നായി പിന്നീടത് മാറി.

കഴിഞ്ഞ വര്‍ഷം പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഹെലികോപ്ടര്‍ ചുറ്റി പറന്നത് 17 തീയതിമുതലായിരുന്നുയ അതു വരെ മൂടിക്കെട്ടിയ അന്തരീക്ഷം ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരുന്നു. മസ്ജിദിനുള്ളിലെ ക്യാംപില്‍ പൂര്‍ണ ഗര്‍ഭിണിയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് വിജയ് വര്‍മയുടെ നേതൃത്വത്തില്‍ നേവി സംഘം എത്തിയത്. അപ്പോള്‍ സാജിത ചൊവ്വരയിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ ക്യാംപിലായിരുന്നു. സാധാരണ റെയില്‍വേ ലൈന്‍ ,റോഡുകള്‍ ഇത്തരം കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞാണ് ലൊക്കേഷന്‍ മാര്‍ക്ക് ചെയ്യുക. പക്ഷേ ചുറ്റും വെള്ളം മൂടിയിരുന്നതിനാല്‍ ഇതെല്ലാം ബുദ്ധിമുട്ടായിരുന്നു. മസ്ജിദിന്റെ അടയാളം മാത്രമായിരുന്നു ഏക പോംവഴി. മസ്ജിദിന്റെ മുകളില്‍ വട്ടമിട്ടു പറന്ന ഹെലികോപ്ടറില്‍ ഇരുന്ന് ഗര്‍ഭിണിയുണ്ടോ എന്ന് ആംഗ്യ ഭാഷയില്‍ ടെറസില്‍ നിന്നവരോട് ചോദിച്ചറിഞ്ഞാണ് സാജിതയെ കണ്ടെത്തുന്നത്. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ പറ്റാത്തതിനാല്‍ കയറില്‍ തൂങ്ങി ഡോക്ടറും കമാന്‍ഡറും ക്യാംപില്‍ ഇറങ്ങി. സാജിതയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് ഡോക്ടര്‍ നല്‍കിയത്.

തുടര്‍ന്ന് സാജിതയെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സാജിതയെ സാഹസികമായി കയറില്‍ തന്നെ തൂക്കി ഹെലികോപ്ടറില്‍ കയറ്റി.തുടര്‍ന്ന്് തേവരയിലെ നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചു.സാജിതയെ കൊണ്ടുവരുന്ന വിവരം ആശുപത്രിയിലേക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം ഡോ.തമന്നയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.15 ന് സാജിത ആണ്‍കുഞ്ഞിന് ജന്മമേകി. നേവി ഉദ്യോഗസ്ഥര്‍ തന്നെയാണ് മുഹമ്മദ് സുബ്ഹാന്‍ എന്ന പേര് കുഞ്ഞിനു വിളിച്ചത്. 1ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവര്‍ത്തനം സാജിതയുടെ എയര്‍ ലിഫ്റ്റിംഗ് തന്നെയായിരുന്നുവെന്നാണ് 1993 ല്‍ പ്രതിരോധ സേനയില്‍ ചേര്‍ന്ന വിജയ് വര്‍മ പറയുന്നത്.ഇലക്ട്രിക് ലൈനുകളിലൂടെയും മറ്റു കെട്ടിടങ്ങളുടെയും ഇടയിലൂടെ സാജിതയെ പൊക്കിയെടുക്കുക പ്രയാസം തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും കൃത്യതയോടെ പ്രവര്‍ത്തിച്ചത് എല്ലാം ഭംഗിയായി അവസാനിച്ചെന്ന് വിജയ് പറയുന്നു. ജബില്‍ - സാജിത ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സുബ്ഹാന്‍. നഈം, നുഐം എന്നിവരാണ് മറ്റു മക്കള്‍.

Next Story

RELATED STORIES

Share it