Kerala

പൗരത്വ ഭേദഗതി നിയമം: ബിജെപിക്കെതിരെ ഗോബാക്ക് വിളി; സർവകക്ഷി യോഗം ബഹിഷ്കരിച്ചു

യോഗത്തിൽ പങ്കെടുത്ത സാമൂഹിക സംഘടനകളാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യോഗം ബഹിഷ്കരിച്ച് ബിജെപി നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമം: ബിജെപിക്കെതിരെ ഗോബാക്ക് വിളി; സർവകക്ഷി യോഗം ബഹിഷ്കരിച്ചു
X

തിരുവനന്തപുരം: വിവാദമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിൽ ബിജെപിക്കെതിരെ ഗോബാക്ക് വിളി. പ്രതിഷേധത്തിനിടെ ബിജെപി നേതാക്കൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സംസ്ഥാന വക്താക്കളായ എം എസ് കുമാർ, പത്മകുമാർ എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോഗം വിളിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് യോഗത്തിൽ ബിജെപി നേതാക്കൾ പറഞ്ഞു. മന്ത്രി എ കെ ബാലൻ സ്വാഗതം പറഞ്ഞ ശേഷമാണ് ബിജെപി നേതാക്കൾ സംസാരിച്ചത്. ഭരണഘടനാ വിരുദ്ധമായ നടപടിയാണിത്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിനെതിരായല്ല, മറിച്ച് നിയമത്തിനെതിരായി സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാനുള്ള നീക്കങ്ങൾ ചർച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും വേണം. ഗവർണർക്കെതിരെയും കർണാടക മുഖ്യമന്ത്രിക്കെതിരേയും നടന്ന അതിക്രമങ്ങൾ ചർച്ച ചെയ്യണമെന്നും ബിജെപി നേതാക്കൾ ആവശ്യമുന്നയിച്ചു. ഇതോടെ ബിജെപിക്കെതിരെ ഗോബാക്ക് വിളി ഉയർന്നു. യോഗത്തിൽ പങ്കെടുത്ത സാമൂഹിക സംഘടനകളാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യോഗം ബഹിഷ്കരിച്ച് ബിജെപി നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തു.

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ മത-സാമുദായിക സംഘടനകളും പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരേ നേരത്തേ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ യുഡിഎഫ് ഒപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്. ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണിത്. ഇന്നത്തെ സർവകക്ഷി യോഗത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം യുഡിഎഫ് നിലപാട് വ്യക്തമാക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാന വിഷയത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ഇരുകൂട്ടരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുള്ള എസ്ഡിപിഐയേയും വെല്‍ഫയര്‍ പാര്‍ട്ടിയേയും സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പൗരത്വ ഭേദഗതി വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സംഘടനകളെ പോലും യോഗത്തിലേക്ക് ക്ഷണിച്ച സര്‍ക്കാര്‍ എസ്ഡിപിഐയേയും വെല്‍ഫയര്‍ പാര്‍ട്ടിയേയും മാറ്റിനിര്‍ത്തിയത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it