Kerala

ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്‍ പിന്‍മാറിയില്ല; ചെന്നിത്തലയ്‌ക്കെതിരേ 'താക്കോല്‍' ചിഹ്‌നത്തില്‍ മല്‍സരിക്കും

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതിയും അസമത്വവും ഗ്രൂപ്പിസവും തുറന്നുകാട്ടുന്നതിനാണ് താന്‍ മല്‍സരരംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു.

ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്‍ പിന്‍മാറിയില്ല; ചെന്നിത്തലയ്‌ക്കെതിരേ താക്കോല്‍ ചിഹ്‌നത്തില്‍ മല്‍സരിക്കും
X

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്‍വാങ്ങാതെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് വിമതന്‍. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന അഡ്വ. നിയാസ് ഭാരതി മല്‍സരിക്കും. 'താക്കോല്‍' ചിഹ്‌നത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി നിയാസ് ജനവിധി തേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലായിരുന്നു നിയാസ് മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതിയും അസമത്വവും ഗ്രൂപ്പിസവും തുറന്നുകാട്ടുന്നതിനാണ് താന്‍ മല്‍സരരംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. ഹരിപ്പാട് സീറ്റില്‍ വിജയിക്കാന്‍ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയായെന്നാണ് നിയാസ് ഭാരതി ആരോപിക്കുന്നു.

പത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച യുവനേതാവാണ് നിയാസ് ഭാരതി. തിരുവനന്തപുരം ഗവ. ലോ കോളജ് മുന്‍ യൂനിയന്‍ ചെയര്‍മാന്‍ കൂടിയാണ്. കോണ്‍ഗ്രസിന്റെ സീറ്റ് വിവാദങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞദിവസം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അണികള്‍ അന്ധമായി പാര്‍ട്ടിയെ സ്‌നേഹിക്കുന്നുവെന്നും എന്നാല്‍ നേതാക്കള്‍ പാര്‍ട്ടിയുടെ അടിവേര് അറുക്കുകയാണെന്നുമായിരുന്നു നിയാസ് ഭാരതിയുടെ വാക്കുകള്‍.

Next Story

RELATED STORIES

Share it