Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: അമ്പലപ്പുഴയില്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് എസ്ഡിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ്: അമ്പലപ്പുഴയില്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് എസ്ഡിപിഐ
X

ആലപ്പുഴ: ഏപ്രില്‍ 6 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അമ്പലപ്പുഴയില്‍ ശക്തമായ മുന്നേറ്റം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ എം എം താഹിര്‍. ജനങ്ങള്‍ അസംതൃപ്തരാണ്. മാറി മാറി അധികാരത്തിലിരുന്ന ജനപ്രതിനിധികള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടിയുള്ളതല്ല എന്നതാണ് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ കാഴ്ചപ്പാട്. പര്യടനത്തിലുടനീളം തീരവാസികളായ മല്‍സ്യത്തൊഴിലാളികള്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്ന് മൂന്ന് മുന്നണികളോടുമുള്ള അസംതൃപ്തി പ്രകടമാവുന്നുണ്ടായിരുന്നു. ഇത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

എസ്ഡിപിഐയുടെ ജനകീയ ബദലിനെ അമ്പലപ്പുഴ ഏറ്റെടുത്തുകഴിഞ്ഞു എന്നതാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും നിയമസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയുള്ള സ്വീകരണങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ഫാഷിസത്തിനെതിരേ യഥാര്‍ഥ ബദലാണ് എസ്ഡിപിഐ എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം കേരളത്തില്‍ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും എസ്ഡിപിഐയുടെ പേര് പരാമര്‍ശിച്ചത്. സമീപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ എസ്ഡിപിഐ നടത്തിയ വന്‍ മുന്നേറ്റത്തില്‍നിന്നും യഥാര്‍ഥ ബദലിനുള്ള അന്വേഷണം രാജ്യമെമ്പാടുമുണ്ടെന്ന് മനസ്സിലാക്കാവുന്നതാണെന്ന അദ്ദേഹം പറഞ്ഞു.

ഗുരുതരമായ വര്‍ഗീയ പരാമര്‍ശം നടത്തിയ ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിക്കെതിരേ അമ്പലപ്പുഴയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി എം എം താഹിര്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ഗീയപ്രചരണം നടത്തുകയും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചുകയറി പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത സന്ദീപ് വാചസ്പതിക്കെതിരേ നടപടി സ്വീകരിക്കാത്തത് സംസ്ഥാനതലത്തിലുള്ള സിപിഎം- ആര്‍എസ്എസ് രഹസ്യധാരണയുടെ തെളിവാണ്. ഇത് ജനം തിരിച്ചറിയുമെന്നും മതേതരസമൂഹം ഒന്നടങ്കം ഇതിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഇബ്രാഹിം വണ്ടാനം, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നവാസ് നൈന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it