Kerala

കൊടുങ്ങല്ലൂരില്‍ ജലയാത്രയ്ക്ക് കയാക്കിങ്ങ് സെന്റര്‍ വരുന്നു

കൊടുങ്ങല്ലൂരില്‍ ജലയാത്രയ്ക്ക് കയാക്കിങ്ങ് സെന്റര്‍ വരുന്നു
X
കൊടുങ്ങല്ലൂര്‍: ടൂറിസം വികസനത്തിന് പുത്തന്‍ ഉണര്‍വേകാന്‍ കൊടുങ്ങല്ലൂരില്‍ കയാക്കിങ്ങ് സെന്റര്‍ വരുന്നു. നഗരസഭയുടെ കാവില്‍ക്കടവിലെ വി കെ രാജന്‍ മെമ്മോറിയല്‍ പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനുമാണ് മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ നഗരസഭ കയാക്കിങ്ങ് സെന്റര്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി മുസിരിസുമായി നഗരസഭ കരാര്‍ ഒപ്പിടുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കയാക്കിംഗ് നടത്തുന്നതിനും കയാക്കിംഗ് പരിശീലനത്തിനുമായാണ് സ്ഥാപനം ആരംഭിക്കുന്നത്. വിനോദ സഞ്ചാരത്തിനായി ബോട്ട് സര്‍വീസുകളും ഇതിനൊപ്പം ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും മുസിരിസ് പൈതൃക പദ്ധതിയ്ക്കായിരിക്കും.

കനോലി കനാലിന്റെ തീരത്തുള്ള വി കെ രാജന്‍ മെമ്മോറിയല്‍ പാര്‍ക്ക് 35 ലക്ഷം രൂപ ചെലവഴിച്ച് വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പുനര്‍നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. നഗരസഭയുടെ 72 സെന്റ് സ്ഥലത്ത് 2003 ഒക്ടോബര്‍ അഞ്ചിന് ഉദ്ഘാടനം കഴിഞ്ഞ പാര്‍ക്ക് 2013ല്‍ വി.കെ രാജന്‍ സ്മാരക പാര്‍ക്ക് ആയി നാമകരണം ചെയ്തു. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരാണ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 2018ലെ പ്രളയത്തില്‍ പാര്‍ക്കിലെ കെട്ടിടം ഉള്‍പ്പെടെ ഭാഗികമായി നശിച്ചു. തുടര്‍ന്ന് പാര്‍ക്കില്‍ സന്ദര്‍ശകരില്ലാതായതോടെ പ്രവര്‍ത്തനം നിലച്ചു. പാര്‍ക്ക് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായതോടെനഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ഫ്‌ളോര്‍ടൈല്‍, ലാന്റ് സ്‌കേപിങ്ങ് തുടങ്ങിയ പ്രവൃത്തികള്‍ ആദ്യഘട്ടമെന്ന നിലയില്‍ നടത്തി. തുടര്‍ന്ന് അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങാന്‍ 25 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ആകര്‍ഷണീയമായ വിധത്തില്‍ വി കെ രാജന്‍ മെമ്മോറിയല്‍ പാര്‍ക്ക് പുനഃസ്ഥാപിച്ചു.

Next Story

RELATED STORIES

Share it