Kerala

കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കേസിലെ ഒന്നാംപ്രതി വിക്രമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കതിരൂര്‍ മനോജ് വധക്കേസ്: 15 പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം
X

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാംപ്രതി വിക്രമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ചുവര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. 25ാം പ്രതി സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2014 സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 സപ്തംബര്‍ 11ന് ഒന്നാംപ്രതി വിക്രമന്‍ അറസ്റ്റിലായി. 2014 ഒക്ടോബര്‍ 28ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. 2017 ആഗസ്ത് 29ന് സമര്‍പ്പിച്ച അനുബന്ധ റിപോര്‍ട്ടിലാണ് പി ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

യുഎപിഎ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സിബിഐയ്ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയകൊലപാതകത്തിന് യുഎപിഎ ചുമത്തുന്ന ആദ്യകേസാണ് കതിരൂര്‍ മനോജ് വധക്കേസ്. യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകള്‍ക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, മാരകായുധമുപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചേര്‍ത്താണ് സിബിഐ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it