Kerala

മകനെ കരുതിക്കൂട്ടി സിപിഎം നേതാക്കള്‍ കൊന്നു: കൃപേഷിന്റെ അച്ഛന്‍

മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏകമകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്റെ പഠിത്തവും മുടങ്ങി.

മകനെ കരുതിക്കൂട്ടി സിപിഎം നേതാക്കള്‍ കൊന്നു: കൃപേഷിന്റെ അച്ഛന്‍
X

കാസര്‍കോട്: സിപിഎമ്മുകാര്‍ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏകമകനായിരുന്നു. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ അവന്റെ പഠിത്തവും മുടങ്ങി.

നേരത്തെ സിപിഎമ്മുകാരുമായി രാഷ്ട്രീയതര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവുമായും സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇനി പ്രശ്‌നങ്ങളില്‍പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാര്‍ കൊല്ലുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇനി എന്തുചെയ്യണമെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കൊല്ലപ്പെട്ട ശരത്തിന്റെ ബന്ധു ഗോവിന്ദും പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്ക് ശരത്തിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പ്രാഥമികാന്വേഷണ റിപോര്‍ട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം.

ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോവുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരേ ആക്രമണമുണ്ടായത്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ നിഗമനം.

Next Story

RELATED STORIES

Share it