Kerala

കാസര്‍കോഡ് കൊലപാതകം: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

സിപിഎമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും പീതാംബരന്‍ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും വ്യക്തമായിരിക്കുകയാണ്. പീതാംബരന് മര്‍ദ്ദനമേറ്റപ്പോള്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ അടക്കം തങ്ങളുടെ വീട്ടില്‍ വന്നിരുന്നുവെന്നും ഭാര്യയും മകളും വെളിപ്പെടുത്തുന്നു.

കാസര്‍കോഡ് കൊലപാതകം: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദാരുണമായ കൊലപ്പെടുത്തിയത് ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്റെ ഭാര്യ മജ്ഞുവിന്റെയും മകള്‍ ദേവികയുടെയും വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം കൊണ്ട് മാത്രമെ ഉന്നത സിപിഎം നേതാക്കളും ഈ കൊലപാതങ്ങളുമായുള്ള ബന്ധം പുറത്തുവരു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് പീതാംബരനെന്നും തിരഞ്ഞെടുപ്പ് സമയം ആയത് കൊണ്ട് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാവാതിരിക്കാനാണ് പീതാംബരനെ സിപിഎം കയ്യൊഴിഞ്ഞതെന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതോടെ സിപിഎമ്മിന്റെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്.

സിപിഎമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും പീതാംബരന്‍ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. പീതാംബരന് മര്‍ദ്ദനമേറ്റപ്പോള്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ അടക്കം തങ്ങളുടെ വീട്ടില്‍ വന്നിരുന്നുവെന്നും ഭാര്യയും മകളും വെളിപ്പെടുത്തുന്നു. പ്രതിയായ പീതാംബരന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വ്യക്തിവൈരാഗ്യം ഇല്ലായിരുന്നുവെന്ന് അയാളുടെ വീട്ടുകാര്‍ എടുത്തു പറയുന്നുണ്ട്. അപ്പോള്‍ കൊലക്ക് പിന്നില്‍ രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തമാകുന്നു. കാര്യം കഴിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടി തങ്ങളെ കൈവിട്ടുവെന്ന് പീതാംബരന്റെ വീട്ടുകാര്‍ പറയുമ്പോള്‍ ഇതില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് സുവ്യക്തമാവുകയാണ്.

ഇപ്പോള്‍ പ്രതിയെന്ന് പറയുന്ന പീതാംബരന്റെ കൈ സംഘട്ടനത്തില്‍ ഒടിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. ഒടിഞ്ഞ കൈ വച്ചാണോ ഇയാള്‍ ദാരുണമായ കൊല നടത്തിയത്. കേസിനെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ടിപി ചന്ദ്രശേഖരന്റെ വധത്തിലെന്ന പോലെ ഈ കൊലപാതകത്തിലും കൃത്യമായ പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘമുണ്ടെന്ന് വ്യക്തമാണ്. വെറുമൊരു ലോക്കല്‍ കമ്മറ്റിയംഗം തിരുമാനിച്ചാല്‍ നടത്താന്‍ കഴിയുന്നതല്ല ഇത്തരം ഇരട്ടക്കൊലപാതകം. കൂടുതല്‍ സത്യങ്ങള്‍ പീതാംബരന്റെ കുടുംബാംഗങ്ങളുടെ നാവിലുണ്ട്. അവരെ ശാരീരിരകമായി തന്നെ നിശബ്ദരാക്കാന്‍ സിപിഎം ശ്രമിക്കുമെന്ന് ഭയക്കുന്നത് അതുകൊണ്ടാണ്. ആ കുടുംബത്തിന് സംരക്ഷണം നല്‍കിയേ മതിയാകൂ. പ്രതികള്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് സംശയിക്കുന്നതായും ഡിജിപി പറയുന്നുണ്ട്. അതും അന്വേഷിക്കണം. മുന്നാട് സഹകരണ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പീതാംബരന് മര്‍ദ്ധനമേറ്റതിനെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നത് പിന്നീടുണ്ടാക്കിയ കഥയാണ്. സിപിഎം ഉണ്ടാക്കിയ തിരക്കഥയുടെ വഴിയെ തന്നെയാണ് പോലിസ് നീങ്ങുന്നതെന്ന് വ്യക്തമാവുകയാണ്. ഈ കേസിലെ യഥാര്‍ത്ഥ പ്രതികളായ സിപിഎം നേതാക്കള്‍ അറസ്റ്റിലാവണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Next Story

RELATED STORIES

Share it