Kerala

കര്‍ണാടകയില്‍ ഡോക്ടര്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; 'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി

കര്‍ണാടകയില്‍ ഡോക്ടര്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു, കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി
X

ബെംഗളൂരു: കര്‍ണാടകയില്‍ ഡോക്ടര്‍ കൂടിയായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു' എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.

ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനറല്‍ സര്‍ജന്‍ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവായത്. കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കാമുകിയുടെ ഐഡന്റിറ്റി അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് മയക്കുമരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്നാണ് കൃതിക മരിച്ചത്. ഏപ്രില്‍ 21നാണ് സംഭവം നടന്നത്. ആറു മാസത്തിന് ശേഷമാണ് മഹേന്ദ്രയെ പോലിസ് അറസ്റ്റ് ചെയ്തത്. അമിതമായി മയക്കുമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതയായ കൃതികയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായും പോലിസ് പറയുന്നു.

ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പരിശോധനയില്‍ കൃതികയുടെ അവയവങ്ങളില്‍ അനസ്തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ശക്തമായ അനസ്തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിന്‍. തുടര്‍ന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാനുല സെറ്റ്, ഇഞ്ചക്ഷന്‍ ട്യൂബ്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പോലിസ് കണ്ടെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി.

ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹേന്ദ്ര തന്റെ വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി സംശയിച്ച പൊലീസ് ഒക്ടോബര്‍ 15നാണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. 'ഇതുവരെ ശേഖരിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഭര്‍ത്താവിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് അദ്ദേഹമായിരുന്നു. തെറ്റായി ചെയ്ത കാര്യങ്ങളെ കുറിച്ചൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഭര്‍ത്താവ് അവകാശപ്പെട്ടത്. ഭാര്യയ്ക്ക് ചില മയക്കുമരുന്ന് കുത്തിവച്ചതായി ഞങ്ങള്‍ക്ക് മനസ്സിലായി, ഇത് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു'- ബംഗളൂരു പോലിസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 26 നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.





Next Story

RELATED STORIES

Share it