Kerala

കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക്; ബീച്ചില്‍ 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയര്‍ത്തും

ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് വേണ്ടി ഇന്ത്യയില്‍നിന്നും പരിഗണിച്ച എട്ട് ബീച്ചുകളില്‍ കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കാപ്പാട് ബീച്ചാണ്.

കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ളാഗ് പദവിയിലേക്ക്; ബീച്ചില്‍ അയാം സേവിങ് മൈ ബീച്ച് പതാക ഉയര്‍ത്തും
X

കോഴിക്കോട്: കാപ്പാട് ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള ചുവടുവയ്പ്പുകള്‍ അവസാനഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്ക്കരണവും ഉയര്‍ത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്‌ളാഗിന് വേണ്ടി പരിഗണിക്കുന്നത്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ എജ്യൂക്കേഷന്‍ നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് വേണ്ടി ഇന്ത്യയില്‍നിന്നും പരിഗണിച്ച എട്ട് ബീച്ചുകളില്‍ കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കാപ്പാട് ബീച്ചാണ്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ഐസിഒഎം (സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്‌മെന്റ്) ആണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഈ പ്രവര്‍ത്തിക്കായി കേന്ദ്രസര്‍ക്കാര്‍ എട്ടുകോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്‌ളാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചെന്നും ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്നും ആഹ്വാനം ചെയ്യുന്നതിനായി ബീച്ചില്‍ 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയര്‍ത്തും.

അന്താരാഷ്ട്ര തീരദേശശുചീകരണ ദിനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് 3:30ന് പരിപാടി വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ് സെക്രട്ടറി ആര്‍ പി ഗുപ്ത ഉദ്ഘാടനം ചെയ്യും. കാപ്പാട് ബീച്ചില്‍ പതാക ഉയര്‍ത്തല്‍ കെ ദാസന്‍ എംഎല്‍എ നിര്‍വഹിക്കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടക്കുക. കൊയിലാണ്ടി എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ നോഡല്‍ ഓഫിസറായുമുള്ള ബീച്ച് മാനേജ്മന്റ് കമ്മിറ്റിയാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ് നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്. പരിസ്ഥിതി സൗഹൃദപരമായ നിര്‍മിതികള്‍, കുളിക്കുന്ന കടല്‍ വെള്ളത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യസംസ്‌കരണം, ഭിന്നശേഷി സൗഹൃദമായ പ്രവേശനം തുടങ്ങി 30 ലധികം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നത്.

Next Story

RELATED STORIES

Share it