Kerala

കണ്ണൂര്‍ കോര്‍പറേഷന്‍: സുമാ ബാലകൃഷ്ണന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി

സെപ്തംബര്‍ നാലിനാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

കണ്ണൂര്‍ കോര്‍പറേഷന്‍: സുമാ ബാലകൃഷ്ണന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി
X

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് പിന്തുണ പിന്‍വലിച്ചതോടെ ഇടതുഭരണം നഷ്ടപ്പെട്ട കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണനെ പ്രഖ്യാപിച്ചു. മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തില്‍ സുമാ ബാലകൃഷ്ണന്റെ പേര് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രഖ്യാപിക്കുകയും മുസ് ലിം ലീഗ് നേതാവ് വി പി വമ്പന്‍ പിന്തുണയ്ക്കുകയുമായിരുന്നു. സെപ്തംബര്‍ നാലിനാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ സുമാ ബാലകൃഷ്ണന്റെ പേര് ഐക്യകണ്‌ഠേന അംഗീകരിക്കുകയും തുടര്‍ന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. മുസ് ലിം ലീഗിലെ സി സീനത്ത് രണ്ടാം ടേമില്‍ മേയറാവുമെന്നാണു നേരത്തേയുണ്ടാക്കിയ ധാരണ. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തില്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ സുരേന്ദ്രന്‍, വി പി വമ്പന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കെ പി താഹിര്‍, സി സമീര്‍, വി വി പുരുഷോത്തമന്‍, ടി എ തങ്ങള്‍, ഫാറൂഖ് വട്ടപ്പൊയില്‍ സംബന്ധിച്ചു.

തേജസ് ന്യൂസ് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് പിന്തുണ പിന്‍വലിച്ചതോടെയാണ് സിപിഎം പ്രതിനിധിയായ ഇ പി ലതയ്ക്കു മേയര്‍ പദവി നഷ്ടപ്പെട്ടത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇ പി ലത തന്നെ സ്ഥാനാര്‍ഥിയായി എത്താനാണു സാധ്യത. ഭരണമാറ്റത്തിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് മേയര്‍ ഇ പി ലതയ്‌ക്കെതിരേ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ 26 പേരാണ് എതിര്‍ത്തത്. കണ്ണൂര്‍ കോര്‍പറേഷനില്‍ 27 വീതം കൗണ്‍സിലര്‍മാരാണ് ഇരുമുന്നണികള്‍ക്കുമുണ്ടായിരുന്നത്. ഇതില്‍ ഒരംഗം ഈയിടെ മരണപ്പെട്ടു. കെ സുധാകരന്‍ എംപി തന്നെ ചര്‍ച്ച നടത്തി പി കെ രാഗേഷുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെയാണ് യുഡിഎഫിനു അവിശ്വാസപ്രമേയത്തില്‍ പിന്തുണ ലഭിച്ചത്. അതിനിടെ, എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ എല്‍ഡിഎഫും അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിനു കനത്ത തിരിച്ചടി നല്‍കിയ രാഗേഷിനെതിരേ കോണ്‍ഗ്രസിലും പ്രത്യേകിച്ച് മുസ് ലിം ലീഗിലുമുള്ള എതിര്‍പ്പ് മുതലെടുത്ത് അവിശ്വാസം ജയിക്കാനാവുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. പ്രാദേശിക ലീഗ് നേതൃത്വം പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it