Kerala

കരാറുകാരന്റെ ആത്മഹത്യ: കെപിസിസി മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി അന്വേഷണത്തിനായി മൂന്നംഗസമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങള്‍ ഇന്ന് ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.

കരാറുകാരന്റെ ആത്മഹത്യ: കെപിസിസി മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന്
X

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കെപിസിസി നിയോഗിച്ച മൂന്നംഗസമിതി ഇന്ന് തെളിവെടുപ്പ് നടത്തും. ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി അന്വേഷണത്തിനായി മൂന്നംഗസമിതിയെ നിയോഗിച്ചത്. സമിതി അംഗങ്ങള്‍ ഇന്ന് ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കാതെ വഞ്ചിച്ചതാണ് പിതാവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസഫിന്റെ മകന്‍ കെപിസിസി പ്രസിഡന്റിന് കത്തയച്ചിരുന്നു. അധ്വാനിച്ച കൂലിക്കുവേണ്ടി പലതവണ ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ കെഞ്ചിയെങ്കിലും ആര്‍ത്തി മൂത്ത അവര്‍ പപ്പയുടെ കരാര്‍ തുക നല്‍കാതെ പറ്റിച്ചു.

ചില കോണ്‍ഗ്രസ് നേതാക്കളുടെ ചതിയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നും കുടുംബത്തിന് നീതിലഭിക്കാന്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജോസഫിന്റെ മകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഡെന്‍സ് മുല്ലപ്പള്ളിക്ക് കത്തയച്ചത്. അതിനിടെ, നാളെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ പോലിസ് നോട്ടീസ് നല്‍കി. കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ് അടക്കം ഏഴുപേര്‍ക്കാണ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ പോലിസ് നോട്ടീസ് നല്‍കിയത്.

ഇവര്‍ നേതൃത്വം നല്‍കുന്ന കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി കെട്ടിടം നിര്‍മിച്ച വകയില്‍ 1.34 കോടി രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാനുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കരാറുകാരന്റെ ആത്മഹത്യ വിവാദമായതിനെത്തുടര്‍ന്ന് ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍ രാജിവച്ചിരുന്നു. താന്‍ അംഗമായ ട്രസ്റ്റിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല എന്നതിനാലാണ് രാജിയെന്നായിരുന്നു സുരേഷ് കുമാറിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it