Kerala

വ്യവസായിയില്‍നിന്ന് കൈക്കൂലി: ആരോപണം നിഷേധിച്ച് കോടിയേരിയും കാപ്പനും, വെല്ലുവിളിയുമായി ഷിബു ബേബി ജോണ്‍

സിബിഐയ്ക്ക് താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ ആരോപണത്തില്‍ കഥയില്ലെന്ന് കോടിയേരിയും വ്യക്തമാക്കി.

വ്യവസായിയില്‍നിന്ന് കൈക്കൂലി: ആരോപണം നിഷേധിച്ച് കോടിയേരിയും കാപ്പനും, വെല്ലുവിളിയുമായി ഷിബു ബേബി ജോണ്‍
X

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ പുറത്തുവിട്ട കൈക്കൂലി ആരോപണം നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍സിപി നേതാവ് മാണി സി കാപ്പനും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്ക് പണം നല്‍കിയെന്ന് കാപ്പന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയതിന്റെ രേഖകളാണ് ഫെയ്‌സ്ബുക്കിലൂടെ ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍, കോടിയേരിക്കെതിരേ താന്‍ മൊഴി നല്‍കിയെന്ന ഷിബുവിന്റെ ആരോപണം ശരിയല്ലെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

സിബിഐയ്ക്ക് താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സിബിഐയില്‍ കേസില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ ആരോപണത്തില്‍ കഥയില്ലെന്ന് കോടിയേരിയും വ്യക്തമാക്കി. തനിക്കൊപ്പം ആരോപണവിധേയരായ മാണി സി കാപ്പനും വ്യവസായി ദിനേശ് മേനോനും ആരോപണം നിഷേധിച്ചു. പിന്നെ എന്തിനാണ് തന്നെ വലിച്ചിഴയ്ക്കുന്നത്. പാലാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത ആരോപണമാണിത്. പാലായില്‍ അത് ഏശിയില്ല. പിന്നെ ഇനി ഇത് എങ്ങനെ ഏശാനാണ്. മാണി സി കാപ്പനും ദിനേശ് മേനോനും തമ്മിലുള്ള ചെക്കുകേസ് കാപ്പന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുണ്ട്.

നിങ്ങളിതൊക്കെ കൊണ്ടുനടക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണം വരുന്നത്. ഇതുകൊണ്ട് ഷിബുബേബിജോണ്‍ പോലെയുള്ള ആളുകള്‍ നടക്കേണ്ടതുണ്ടോയെന്നും കോടിയേരി ചോദിച്ചു. കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് കൊടിയേരിക്കും മകനും പണം നല്‍കിയിട്ടില്ലെന്ന് മുംബൈ വ്യവസായി ദിനേശ് മേനോനും പ്രതികരിച്ചു. താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണ്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗത്തിന് വന്ന സമയത്ത് കോടിയേരിയെ അദ്ദേഹത്തിന്റെ വീട്ടില്‍പോയി കണ്ടിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളുമുണ്ടായിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ മാണി സി കാപ്പന്‍ വാങ്ങിയിരുന്നു. അതില്‍ 25 ലക്ഷം രൂപ തിരിച്ചുതന്നു.

ബാക്കി ചെക്ക് തന്നെങ്കിലും അത് ബൗണ്‍സായി. അതിന്റെ പേരില്‍ നാലുകേസും കൂടാതെ മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരേ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പുറത്തുവിട്ട മൊഴി വ്യാജമാണെന്ന മാണി സി കാപ്പന്റെ പ്രസ്താവനയ്‌ക്കെതിരേ ഷിബു ബേബി ജോണ്‍ രംഗത്തെത്തി. തെളിവുകള്‍ വ്യാജമാണെങ്കില്‍ കാപ്പന്‍ എന്തുകൊണ്ടാണ് നിയമനടപടിക്ക് പോവാതിരുന്നതെന്ന് ഷിബു ചോദിച്ചു. രണ്ടാഴ്ച മുമ്പ് തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്നതാണ്. തെളിവ് വ്യാജമെങ്കില്‍ നിയമനടപടിയെടുക്കാന്‍ ദിനേശ് മേനോന്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. ഇത് വ്യാജരേഖയെന്ന ആക്ഷേപം മാണി സി കാപ്പനുണ്ടെങ്കില്‍ ദിനേശ് മേനോന്റെ വെല്ലുവിളി സ്വീകരിച്ച് കോടതിയില്‍പോയി ഇത് തെളിയിക്കാന്‍ ശ്രമിക്കണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it