Kerala

എം ശിവശങ്കറിനെ ഒഴിവാക്കി; എം മുഹമ്മദ് വൈ സഫിറുള്ള പുതിയ ഐടി സെക്രട്ടറി

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം.

എം ശിവശങ്കറിനെ ഒഴിവാക്കി; എം മുഹമ്മദ് വൈ സഫിറുള്ള പുതിയ ഐടി സെക്രട്ടറി
X

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. പുതിയ ഐ ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ അവധി അപേക്ഷ കൂടി പരിഗണിച്ച് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം. നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് ഒരു കൊല്ലത്തേയ്ക്ക് ശിവശങ്കർ അവധിക്ക് അപേക്ഷ നൽകി. ഈ അപേക്ഷ അംഗീകരിച്ചതിനു പിന്നാലെയാണ് മുഹമ്മദ് സഫിറുള്ളയെ നിയമിച്ച് ഉത്തരവ് ഇറങ്ങിയത്.

സ്വപ്ന സുരേഷിന് ഐടി വകുപ്പിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട ആരോപണമാണ് ശിവശങ്കറിന്റെ സ്ഥാനചലനത്തിന് പിന്നിൽ. അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഐ ടി സെക്രട്ടറി കൂടിയായ എം ശിവശങ്കർ. സ്പ്രിങ്ഗ്ലറിലടക്കം പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നും ശിവശങ്കറിനെ തള്ളിപ്പറയാൻ ഒരിക്കൽ പോലും മുഖ്യമന്ത്രി തയ്യാറായില്ല. എന്നാൽ സ്വർണക്കടത്ത് കേസിൽ സംശയത്തിന്റ മുന സ്വന്തം ഓഫീസിന് നേരെ തിരിഞ്ഞതോടെ പിണറായി നടപടിക്ക് തുനിയുകയായിരുന്നു.

Next Story

RELATED STORIES

Share it