Kerala

കെ എം ഷാജിയുടെ വീടിന്റെ മതിപ്പുവില 1.6 കോടി; ഇഡിക്ക് റിപോര്‍ട്ട് കൈമാറി കോഴിക്കോട് കോര്‍പറേഷന്‍

ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കെ എം ഷാജിയുടെ വീടിന്റെ മതിപ്പുവില 1.6 കോടി; ഇഡിക്ക് റിപോര്‍ട്ട് കൈമാറി കോഴിക്കോട് കോര്‍പറേഷന്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍. മൂന്നാംനില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് കോഴിക്കോട് കോര്‍പറേഷന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. ഇതിന്റെ ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫിസിലെത്തിയാണ് നഗരസഭ ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥന്‍ എ എം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപോര്‍ട്ട് കൈമാറിയത്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇഡി ആവശ്യപ്പെട്ടത്. മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറിയെന്ന് ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കെ എം ഷാജി എംഎല്‍എയുടെ ആസ്തിവകകള്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളുടെ വിശദാംശങ്ങള്‍ തദ്ദേശസ്ഥാപനങ്ങളോട് ഇഡി ആവശ്യപ്പെട്ടത്.

കണ്ണൂര്‍ ചാലാടുള്ള വീടിന്റെ റിപോര്‍ട്ട് ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കെ എം ഷാജിയുടെ വീട് കഴിഞ്ഞദിവസമാണ് കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ഇഡിയുടെ നിര്‍ദേശപ്രകാരം അളന്നത്. 3200 ചതുരശ്രയടിക്കാണ് കോര്‍പറേഷനില്‍നിന്ന് അനുമതി വാങ്ങിയത്. പക്ഷേ, 5450 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്ന് അളവെടുപ്പില്‍ വ്യക്തമായെന്ന് കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it