Kerala

സ്പ്രിങ്ഗ്ലർ ഇടപാടിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുത്തിട്ടില്ല.

സ്പ്രിങ്ഗ്ലർ ഇടപാടിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
X

തിരുവനന്തപുരം: മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറുമായി കരാറിൽ ഏർപ്പെട്ടതിലുള്ള അതൃപ്തി പ്രകടമാക്കി സിപിഐ. കരാർ വിവാദമായ സാഹചര്യത്തിലാണ് മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐ പരോക്ഷ വിമർശനം നടത്തിയത്‌.

ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുത്തിട്ടില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ഇന്ത്യയിൽ 'ആധാർ' വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂർവമോ അല്ലാതെയോ ചോർത്തപ്പെടുന്നത് അത് സമാഹരിക്കുന്ന സർക്കാർ അല്ലെങ്കിൽ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാം. വിവര സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്ന മൂലധനശക്തികൾ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള വിവര സമാഹരണമാണ്.

വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്ന വിഷയമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it