Kerala

ആന്ധ്രയില്‍ ജനസേനാ സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം എറിഞ്ഞ് തകര്‍ത്തു

അനന്ത്പൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകര്‍ത്തത്. ഗൂട്ടി പോളിങ് ബൂത്തിലാണ് ഗുപ്ത വോട്ടുചെയ്യാനായെത്തിയത്.

ആന്ധ്രയില്‍ ജനസേനാ സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം എറിഞ്ഞ് തകര്‍ത്തു
X

ഹൈദരാബാദ്: ആന്ധ്രയില്‍ ജനസേനാ പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം എറിഞ്ഞ് തകര്‍ത്തു. അനന്ത്പൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകര്‍ത്തത്. ഗൂട്ടി പോളിങ് ബൂത്തിലാണ് ഗുപ്ത വോട്ടുചെയ്യാനായെത്തിയത്. എന്നാല്‍, വോട്ടിങ് യന്ത്രം തകരാറിലായെന്നാരോപിച്ച് പോളിങ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയും യന്ത്രം എടുത്ത് തറയിലെറിയുകയുമായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.

മാധ്യമങ്ങളെ ഉള്‍പ്പെടെ പോളിങ് ബൂത്തിലേക്ക് വിളിച്ചുവരുത്തിയതിനുശേഷമായിരുന്നു സ്ഥാനാര്‍ഥിയുടെ പരാക്രമം. സംഭവം നടന്നയുടന്‍തന്നെ മധുസൂദനനെ പോലിസ് അറസ്റ്റുചെയ്തു. ആന്ധ്രയിലെ വിവിധ പോളിങ് ബൂത്തുകളിലായി നൂറോളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്. ആന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.

Next Story

RELATED STORIES

Share it