Kerala

നിക്ഷേപക സംഗമം പൊള്ളത്തരം മാത്രം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി അവകാശ വാദം വെറും ഗ്യാസ്. കോടികളുടെ നിക്ഷേപം പ്രഖ്യാപിക്കുന്നത് പതിവ് രീതി.

നിക്ഷേപക സംഗമം പൊള്ളത്തരം മാത്രം: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കൊച്ചിയില്‍ നിക്ഷേപക സംഗമമെന്ന പേരില്‍ നടത്തിയ അസന്റ് വെറും പൊള്ളത്തരമെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിക്ഷേപകരുടെ പങ്കാളിത്തം ശുഷ്‌ക്കമായിരുന്നു. ഒപ്പിട്ടതായി പറയുന്ന ധാരണാപത്രങ്ങള്‍ കടലാസ് ധാരണാപത്രങ്ങളാണ്. വെറും പാഴ്പ്രഖ്യാപനങ്ങളാണ് നടത്തിയത്.

നാല്പതിനായിരം കോടിയുടെ ധാരണാ പത്രം ഒപ്പിട്ടു എന്നും 98000 കോടിയുടെ പദ്ധതികള്‍ക്ക് ധാരണയായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതില്‍ അത്ഭുതപ്പെടാനില്ല. നേരത്തെ വിദേശ യാത്ര നടത്തിയപ്പോഴും ഇതേ പോലെ കേരളത്തിലേക്ക് വരാന്‍ പോകുന്ന ലക്ഷക്കണക്കിന് കോടികളുടെ കണക്കുകള്‍ മുഖ്യമന്ത്രി നിരത്തിയിരുന്നു.

ഒരു രൂപയുടെ നിക്ഷേപം പോലും ഇത് വരെ എത്തിയില്ലെന്ന് മാത്രം. ഏറ്റവും ഒടുവില്‍ ജപ്പാനിലും കൊറിയയിലും സന്ദര്‍ശനം നടത്തിയപ്പോഴും മുഖ്യമന്ത്രി കോടികളുടെ നിക്ഷേപത്തിന്റെ കണക്ക് വെറുതെ നിരത്തി. അതിന്റെയൊക്കെ മോടി പിടിപ്പിച്ച മറ്റൊരു രൂപമാണ് കൊച്ചിയില്‍ അരങ്ങേറിയത്.

കോടികളുടെ നിക്ഷേപത്തിന്റെ കണക്ക് പറയുന്നത് മുഖ്യമന്ത്രിയുടെ ഒരു വിനോദമായി മാറിയിരിക്കുകയാണ്. 'ആള്‍ ഗ്യാസ് നോ സ്റ്റീല്‍' എന്ന് പറയുന്നത് പോലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറും ഗ്യാസ് മാത്രമാണ്. രണ്ടു മാസമായി തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത ഒരു കമ്പനിയും 500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു എന്നാണ് മനസിലാക്കുന്നത്. മറ്റു പ്രഖ്യാപനങ്ങളും ഏതാണ്ട് ഇതേ ശൈലിയിലുള്ളതാണ്. സര്‍ക്കാരിന്റെ അവസാന വര്‍ഷം ഞങ്ങള്‍ എന്തൊക്കയോ ചെയ്തുവെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ഒരു പബ്ലിസിറ്റി തന്ത്രം മാത്രമാണ് അസന്റ്. ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനുള്ള സര്‍ക്കസ് മാത്രമാണ്.

കേരളത്തില്‍ വന്‍ നിക്ഷേപത്തിന് വന്ന നിസാന്‍ കമ്പനി സര്‍ക്കാരിന്റെ നിസ്സഹകരണം കാരണം എംഒയു പുതുക്കുക പോലും ചെയ്തിട്ടില്ല. ഇന്‍ഫോസിസ് ആകട്ടെ രണ്ടാം കാമ്പസിനായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്ഥലം മടക്കി നല്‍കുക പോലും ചെയ്തിരിക്കുകയാണ്. ഇവിടെ വരുന്ന വ്യവസായികളെ ഓടിച്ചുവിട്ട ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള കപട വിദ്യ മാത്രമാണ് കൊച്ചിയില്‍ നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it