അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാവുന്നതോടെ കഴിയും. 80,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള നൂതന സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദിരമാണ് നിര്‍മിക്കുന്നത്.
ആദ്യഘട്ടത്തില്‍ 25,000 ചതുരശ്രഅടിയില്‍ ഒരുങ്ങുന്ന പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിര്‍മ്മിച്ചത്. അതിവിശാലമായ, അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 ചതുരശ്ര അടി പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെഎസ്‌ഐഡിസി മുഖേന എല്‍എല്‍എല്‍ ലൈറ്റ്സിനാണ് നല്‍കിയിരിക്കുന്നത്. ആഗസ്‌തോടെ ഈ സമുച്ചയം പൂര്‍ത്തിയാവും.
രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണത്തിനും സൗകര്യമുണ്ടാവും. അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും.
ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍-4 ലേക്ക് ഉയര്‍ത്തും. എട്ടുലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നോസ്റ്റിക്സ്, വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി-വെക്ടര്‍ ഡൈനാമിക്സ് ആന്റ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ.
പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാവും. പിജി ഡിപ്ലോമ (വൈറോളജി)-ഒരു വര്‍ഷം, പിഎച്ച്ഡി (വൈറോളജി) എന്നിവയാണ് ആരംഭിക്കും. ലാബ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള സയന്റിസ്റ്റ്, ടെക്‌നിക്കല്‍, മറ്റു അനുബന്ധ മാനവശേഷി എന്നിവയും ക്രമീകരണവും ഉപകരണങ്ങള്‍ ഒരുക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT