Kerala

വോട്ടെണ്ണലിന് പിന്നാലെ മലബാറില്‍ അക്രമസാധ്യതയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്

വടകര മണ്ഡലത്തില്‍പ്പെട്ട തലശേരിയിലും കൂത്തുപറമ്പിലും സംഘര്‍ഷസാധ്യത കൂടുതലാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കും.

വോട്ടെണ്ണലിന് പിന്നാലെ മലബാറില്‍ അക്രമസാധ്യതയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്
X

തിരുവനന്തപുരം: വോട്ടെണ്ണലിന് പിന്നാലെ മലബാർ മേഖലയിൽ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്. വടകര മണ്ഡലത്തില്‍പ്പെട്ട തലശേരിയിലും കൂത്തുപറമ്പിലും സംഘര്‍ഷസാധ്യത കൂടുതലാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗങ്ങളില്‍ പോലിസ് സുരക്ഷ ശക്തമാക്കും. തലശ്ശേരി, കൂത്തുപറമ്പ് പോലിസ് ജാഗ്രതയിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതു സംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വോട്ടെണ്ണലിനോടനുബന്ധിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതിന് പോലിസ് കര്‍ശന നിയന്ത്രണം പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍, അവരുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ആരും തന്നെ പ്രകടനം നടത്തുവാനോ, പടക്കം പൊട്ടിക്കാനോ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളോ, ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ള പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കണം. വൈകുന്നേരം ഏഴ് മണിക്ക് എല്ലാ പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് പോലിസ് പ്രത്യേക നിര്‍ദേശം നല്‍കി. എല്ലാ പ്രകടനങ്ങളും സമാധാനപരാമായിരിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ആഹ്ലാദപ്രകടനത്തിന് ആവശ്യമായ മൈക്ക് അനുമതിക്ക് ഈ മാസം 20നകം അപേക്ഷിക്കണമെന്നും പോലിസ് അറിയിച്ചു.

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കനത്ത മുന്നൊരുക്കമാണ് പോലിസ് ഒരുക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി വ്യാപക റെയ്ഡും പോലിസ് നടത്തും. വാഹന പരിശോധനയും ശക്തമാക്കാനാണ് തീരുമാനം. നേരത്തെ അക്രമ സംഭവങ്ങളില്‍ പങ്കാളികളായവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it