Kerala

വിധവാ പെൻഷൻ: അനർഹരെ ഒഴിവാക്കാൻ നടപടി

അർഹതയില്ലാത്ത നിരവധിപേർ വിധവാപെൻഷൻ വാങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണിത്. സംസ്ഥാനത്താകെ 13 ലക്ഷം പേരാണ് വിധവാ പെൻഷൻ വാങ്ങുന്നത്.

വിധവാ പെൻഷൻ: അനർഹരെ ഒഴിവാക്കാൻ നടപടി
X

തിരുവനന്തപുരം: അനർഹരായി പട്ടികയിൽ കടന്നുകൂടി വിധവാപെൻഷൻ വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. അർഹതയില്ലാത്ത നിരവധിപേർ വിധവാപെൻഷൻ വാങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണിത്. സംസ്ഥാനത്താകെ 13 ലക്ഷം പേരാണ് വിധവാ പെൻഷൻ വാങ്ങുന്നത്.

സംസ്ഥാനത്തെ ചില തദ്ദേശസ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കാതെ അനർഹരെ വിധവാപെൻഷന് ഉൾപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. ഇക്കാര്യം വിശദമാക്കിയുള്ള സർക്കാർ ഉത്തരവ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞയാഴ്ച ലഭിച്ചു. ഡൈവോഴ്‌സ് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്നവരും വിധവാ പെൻഷൻ വാങ്ങുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭർത്താവ് മരണപ്പെടുകയോ, കാണാതായി ഏഴുവർഷത്തിലധികമാകുകയോ ചെയ്ത സ്ത്രീകൾക്കാണ് വിധവാ പെൻഷന് അർഹത. തദ്ദേശസ്ഥാപനങ്ങൾ ഭർത്താവ് മരിച്ച സ്ത്രീകളുടെ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റിന്റെ നമ്പർ, മരണദിവസം തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങൾ പ്രത്യേകം രൂപപ്പെടുത്തിയ സേവന സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിക്കണം. ഭർത്താവിനെ കാണാതായി ഏഴു വർഷമായ സ്ത്രീകൾക്ക് ബന്ധപ്പെട്ട റവന്യൂ അധികാരികളുടെ വിധവാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിധവാപെൻഷൻ നൽകാവൂ. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്നവർക്കും വിധവാപെൻഷന് അപേക്ഷിക്കാനാകില്ല. നിയമം ലംഘിച്ച് വിധവാ പെൻഷൻ നൽകിയാൽ പിഴശിക്ഷ ഉൾപ്പെടെ നൽകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

Next Story

RELATED STORIES

Share it