Kerala

ദമ്മാമില്‍ മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു, തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാമില്‍ മരിച്ച വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു, തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ട മലപ്പുറം അരീക്കോട് ഊര്‍ങാട്ടിരി സ്വദേശി വാസുദേവന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഉച്ചക്ക് 1:30ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കളും എസ്ഡിപിഐ ഭാരവാഹികളും ഏറ്റുവാങ്ങി. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 4 മണിയോടെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കഴിഞ്ഞ ഏപ്രില്‍ 6നാണ് ഖത്തീഫിലെ താമസ സ്ഥലത്ത് വാസുദേവന്‍ കുഴഞ്ഞ് വീണത്. സുഹൃത്തുക്കള്‍ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ 18ആം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മകള്‍ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്നതില്‍ വാസുദേവന്‍ അസ്വസ്ഥനായിരുന്നു. അന്ന് രാത്രിയാണ് മുറിയില്‍ കുഴഞ്ഞ് വീണത്. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറിയിരുന്നു. എന്നാല്‍ പുതിയ സ്ഥാപനം നിയമക്കുരുക്കിലാവുകയും വാസുദേവന് ഇഖാമ പുതുക്കാനോ നാട്ടില്‍ പോവാനോ കഴിയാതെ വരികയും ചെയ്തു. ആരോഗ്യ ഇന്‍ഷൂറന്‍സ് കാലാവധി തീര്‍ന്നിരുന്നതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ഭീമമായ സംഖ്യയുടെ ബില്‍ അടക്കാനുണ്ടായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ആശുപത്രിയധികൃതരുമായും കുടുംബവുമായും ബന്ധപ്പെട്ട് ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സറുടെ നിസ്സഹകരണവും രേഖകള്‍ ഇല്ലാത്തതും തടസ്സമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെയും ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ചും വിദഗ്ദ ചികിത്സക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. ഇതിനിടയില്‍ സ്‌പോണ്‍സര്‍ വാസുദേവനെ ഹുറൂബാക്കുകയും (തൊഴിലാളി ഒളിച്ചോടിയതായി പരാതിപ്പെടുക) ചെയ്തിരുന്നു. കൂടാതെ വന്‍ തുകയുടെ ആശുപത്രി ബില്‍ അടക്കാതെ മൃതദേഹം വിട്ട് നല്‍കില്ലെന്ന സ്വകാര്യ ആശുപത്രിയുടെ നിലപാടും വിഷയത്തെ സങ്കീര്‍ണമാക്കി.

തുടര്‍ന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ സൗദിയിലെ തൊഴില്‍ആരോഗ്യ വിഭാഗം അധികാരികളെ സമീപിക്കുകയും ഒട്ടേറെ നിയമ നടപടികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മൃതദേഹം വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുകയും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാഫി വെട്ടം, വളണ്ടിയര്‍മാരായ ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, റഹീസ് കടവില്‍, സിറാജുദീന്‍ ശാന്തിനഗര്‍, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളായ നമിര്‍ ചെറുവാടി, അബ്ദുസ്സലാം മാസ്റ്റര്‍, അലി മാങ്ങാട്ടൂര്‍, മരണപ്പെട്ട വാസുദേവന്റെ സഹോദരന്‍ സുരേന്ദ്രന്‍ എന്നിവരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എസ്ഡിപിഐ നേതാക്കളായ മുനവ്വിര്‍ അരീക്കോട്, റഷീദ് അരീക്കോട് എന്നിവര്‍ വാസുദേവന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും നാട്ടിലെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം

നല്‍കുകയും ചെയ്തു. വാസുദേവന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുജിത് കൃഷ്ണന്‍ മൃതദേഹത്തെ അനുഗമിച്ചു. ഇന്ത്യന്‍ എംബസിയധികൃതര്‍ മികച്ച പിന്തുണ നല്‍കിയതായ ഷാഫി വെട്ടം അറിയിച്ചു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരക്കുണ്ട്,

സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജീവ കാരുണ്യവിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍, അബഹ സോഷ്യല്‍ ഫോറം പ്രതിനിധി സഈദ് മൗലവി അരീക്കോട്, എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:സാദിഖ് നടുത്തൊടി, സിക്രട്ടറിമാരായ ഷൗക്കത്ത് കരുവാരക്കുണ്ട്, ഹംസ, കെ കെ പി ജലീല്‍, അഹ്മദ് പി എം, മാനു തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

എസ്ഡിപിഐ സോഷ്യല്‍ ഫോറം നേതാക്കള്‍ പരേതന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഗിരിജയാണ് മരിച്ച വാസുദേവന്റെ ഭാര്യ. അശ്വനി, അശ്വിന്‍ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it