Top

ലോക്ക് ഡൗൺ അടുത്ത 21 ദിവസം കൂടി തുടരണം: ഐഎംഎ

കേരളത്തിലും രാജ്യത്തും രാജ്യാന്തര തലത്തിലുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഐഎംഎ നൽകിയത്.

ലോക്ക് ഡൗൺ അടുത്ത 21 ദിവസം കൂടി തുടരണം: ഐഎംഎ
Xതിരുവനന്തപുരം: കൊവിഡ് 19 രോ​ഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദ​ഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർ​ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

കേരളത്തിലും രാജ്യത്തും രാജ്യാന്തര തലത്തിലുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഐഎംഎ നൽകിയത്.

ഇം​ഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയും ഭാരതത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പൊതുജനാരോ​ഗ്യ വിദ​ഗ്ധരുമായും കേരളത്തിലെ 50 ഓളം പൊതുജനാരോ​ഗ്യ വിദ​ഗ്ധരുമായും ഐഎംഎ ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിക്കുന്നത്

കൊവിഡ് പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും അപേക്ഷിച്ച് മികച്ച നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിനാൽ തന്നെ, അത് കാരണം ഉണ്ടായ നേട്ടം, നിലനിർത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക് ഡൗൺ തുടരേണ്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം വെച്ച് വളരെ അധികം ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാഹചര്യം ലോക്ക് ഡൗൺ മാറ്റുമ്പോൾ ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളി വിടാം.

മാത്രമല്ല, രാജ്യത്ത് ഉടനീളം നടപ്പിലാക്കിയ ലോക്ക് ഡൗൺ മറ്റ് രാജ്യങ്ങളുമായി താര്യതമ്യം ചെയ്യുമ്പോൾ രോഗ സംക്രമണ ഘട്ടങ്ങളിൽ ആദ്യമേ തന്നെയായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. മറ്റ് രാജ്യങ്ങളിൽ പലതും പതിനായിരക്കണക്കിന് കേസുകൾ വന്നതിന് ശേഷം മാത്രം ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ ഇന്ത്യയിൽ ഉടനീളം 500ൽ താഴെ കേസുകൾ വന്നപ്പോൾ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കിയത് സമൂഹ വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞതായും വിദഗ്ധസമിതി വിലയിരുത്തി. എന്നാലും പരിപൂർണമായ നിയന്ത്രണം നേടുന്നതിനായി കടുത്ത നടപടി തുടരണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു..

സ്വകാര്യ ആശുപത്രികളിലും സർക്കാർ സംവിധാനങ്ങളിലും ഡോക്ടർമാർക്കും മറ്റ് ആരോ​ഗ്യ പ്രവർത്തകർക്കും നൽകി വരുന്ന പരിശീലനം തുടരേണ്ടതിന്റെ ആവശ്യ​ഗതയും ഐഎംഎ ചൂണ്ടിക്കാണിച്ചു. അതോടൊപ്പം ആരോ​ഗ്യപ്രവർത്തകർക്ക് നൽകേണ്ട സുരക്ഷിത കവചങ്ങൾ ദൗർലഭ്യം വരാതെ നോക്കേണ്ടതുണ്ട് . എല്ലാ മുൻകരുതലുകലും സ്വീകരിച്ച് കൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകയും ആശുപത്രികളും പ്രവർത്തനം തുടരണം. ചെറിയ ആശുപത്രികളുടെയും ക്ലിനിക് കളുടെയും പ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാർ നടപടികളെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആശുപത്രികൾക്കുള്ളിൽ ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിച്ചും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വെച്ച് കൊണ്ടും മറ്റസുഖങ്ങൾക്കുള്ള ചികിത്സ തുടരേണ്ടതാണ്. പ്രായാധിഖ്യമുള്ള ആളുകൾ, ​ഗർഭിണികൾ മറ്റ് ​ഗുരുതരരോ​ഗമുള്ളവർ എന്നിവർക്ക് നൽകേണ്ട പ്രത്യേക ശ്രദ്ധ കർശനമായ രീതിയിൽ തുടരണം.

കേരളത്തിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന രോഗികൾക്കും ആരോ​ഗ്യ പ്രവർത്തകർക്കും പൊതുസമൂഹത്തിൽ ചിലർക്കും ആന്റീ ബോഡി ടെസ്റ്റുകളും റാപ്പിഡ് പിസിആർ ടെസ്റ്റും കൂടുതൽ വ്യാപകമാക്കണം. കൊവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുക്കുന്ന ശാസ്ത്രീയ തീരുമാനങ്ങളോട് ഐഎംഎ യോജിച്ച് പ്രവർത്തിക്കുന്നതാണ്. കേരളത്തിലെ ഇത് വരെയുള്ള പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര സമിതിയിലെ മിക്ക അംഗങ്ങളും തൃപ്തി രേഖപ്പെടുത്തിയതായും ഐഎംഎ അറിയിച്ചു.

Next Story

RELATED STORIES

Share it