Kerala

ഉറവിടമില്ലാത്ത കൊവിഡ് കേസുകള്‍ കൂടുന്നു; ആശങ്കയില്‍ കേരളം

സമൂഹവ്യാപനമില്ലെന്നു ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും രോഗവ്യാപനവും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

ഉറവിടമില്ലാത്ത കൊവിഡ് കേസുകള്‍ കൂടുന്നു; ആശങ്കയില്‍ കേരളം
X

തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനം മൂന്നാംഘട്ടത്തിലേക്കു കടന്നതോടെ സംസ്ഥാനം ആശങ്കയില്‍. സമൂഹവ്യാപനമില്ലെന്നു ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും രോഗവ്യാപനവും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതോടൊപ്പം ഉറവിടം കണ്ടെത്താനാകാത്ത രോഗസ്ഥിരീകരണം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രതവേണമെന്നു ആരോഗ്യ വിദഗ്ദ്ധര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ രോഗസ്ഥിരീകരണം അതിവേഗത്തിലാണ്. പുറമെനിന്ന് എത്തിയവര്‍ക്കൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം ഉയരുന്നു. മെയ് നാലു വരെ സംസ്ഥാനത്തു മൂന്നു മരണമാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ ഇന്നലെ കണ്ണൂരില്‍ മരണപ്പെട്ട എക്സൈസ് ഡ്രൈവറുടെതടക്കം മരണം 21 ആയി. എക്സൈസ് ഡ്രൈവര്‍ക്കുള്‍പ്പെടെ സംസ്ഥാനത്ത് പത്തിലേറെ പേര്‍ക്കു രോഗം പകര്‍ന്നതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടവും അറിവായിട്ടില്ല. ഉറവിടം കണ്ടെത്താനാകാത്ത ഇത്തരം കേസുകളാണ് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നത്.

ശാരീരിക അകലം പാലിക്കാതെയും സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കാതെയും റിവേഴ്‌സ് ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കാതെയും രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ കഴിയല്ലെന്ന വിലയിരുത്തലിലാണ് വിദഗ്ദ്ധര്‍. സമൂഹവ്യാപന സാധ്യത കണ്ടെത്താനുള്ള ആന്റി ബോഡി ടെസ്റ്റ് സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ ഫലപ്രദമാവുന്നില്ല എന്ന ആക്ഷേപമുണ്ട്. ഐസിഎംആര്‍ അനുമതി നല്‍കിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചു രോഗപരിശോധന നടത്തണമെന്നു സംസ്ഥാനം നിയോഗിച്ച വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതിയാണ് ഇനി വേണ്ടത്.

നിലവില്‍, വിദേശത്തു നിന്നു വരുന്നവരില്‍ 1.5 ശതമാനം പേര്‍ക്കു കൊവിഡ് സ്ഥിരീകരിക്കുന്നതായാണ് സര്‍ക്കാര്‍ കണക്ക്. യാത്രക്കാരുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുന്നതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായേക്കാം. പുറമെനിന്ന് എത്തുന്നവരുമായി സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന സാഹചര്യം കൂടി കണക്കിലെടുത്താല്‍ രോഗവ്യാപനം പരിധിവിടും. ഇതു മുന്നില്‍ക്കണ്ടുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ ഉറവിടമറിയാത്ത കൊവിഡ് രോഗബാധകളെപ്പറ്റി പഠിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. 60 രോഗികളാണ് തങ്ങൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് നിശ്ചയമില്ലാതിരിക്കുന്നത്. ഇവർക്ക് എങ്ങനെയാണ് രോഗവ്യാപനമുണ്ടായതെന്നതിനെക്കുറിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് മരിച്ച ഫാ. കെ ജി വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുൾ കരീം, കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ, ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ ഓട്ടോഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗംവന്നെന്ന് വ്യക്തമല്ല. മാർച്ച് 23 മുതൽ ജൂൺ ആറുവരെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് നാലുമുതൽ ജൂൺ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്തത്.

കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ ഉറവിടമറിയാത്ത രോഗബാധിതർ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിൽ വിഷയം ചർച്ചയായതോടെയാണ് രോഗവ്യാപന പഠനം നടത്താൻ മുഖ്യമന്തി നിർദേശിച്ചത്. ആരോഗ്യ വകുപ്പിനാണ് ചുമതല. ഈ കണക്കുകൾ ഐ.സി.എം.ആറിനും നൽകും. ഇതിനു പുറമേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച വി രമേശൻ , മണക്കാട് മൊബൈൽ കട നടത്തുന്നയാൾ, കണ്ണൂരിലെ എക്‌സൈസ് ഡ്രൈവർ, തൃശൂരിലെ ഉറവിടമറിയാത്ത രോഗബാധിതർ തുടങ്ങിയവയും ആശങ്കപ്പെടുത്തുന്നതാണ്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേയ്ക്ക് പോയ 50 ഓളം പേർക്ക് ചെന്നയുടൻ അവിടെ രോഗം സ്ഥിരീകരിച്ചതും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.. സമൂഹ വ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ ആന്റിബോഡി പരിശോധന ഫലം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it