Kerala

സര്‍ക്കാര്‍ ഓഫിസിലെ ഡ്യൂട്ടിസമയം കൂട്ടി പ്രവര്‍ത്തി ദിനങ്ങള്‍ കുറയ്ക്കണം- ഭരണപരിഷ്‌കാര കമ്മീഷന്‍

നിലവില് ആഴ്ചയില്‍ ആറ് പ്രവൃത്തിദിനമാണുള്ളത്. ഇത് അഞ്ച് ദിനമാക്കുന്നതിന് പൊതുഅവധികളും കാഷ്വല്‍ ലീവും കുറയ്ക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ ഓഫിസിലെ ഡ്യൂട്ടിസമയം കൂട്ടി പ്രവര്‍ത്തി ദിനങ്ങള്‍ കുറയ്ക്കണം- ഭരണപരിഷ്‌കാര കമ്മീഷന്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസിലെ ഡ്യൂട്ടിസമയം കൂട്ടി പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ. നിലവില് ആഴ്ചയില്‍ ആറ് പ്രവൃത്തിദിനമാണുള്ളത്. ഇത് അഞ്ച് ദിനമാക്കുന്നതിന് പൊതുഅവധികളും കാഷ്വല്‍ ലീവും കുറയ്ക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നുണ്ട്. ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെയാക്കണം. ഇപ്പോള്‍ പത്തുമുതല്‍ അഞ്ചുവരെയാണ്. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. എന്നിട്ട് എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. വര്‍ഷത്തില്‍ 20 കാഷ്യല്‍ ലീവ് 12 ആക്കി കുറക്കണമെന്നും ശുപാര്‍ശയുണ്ട്.

വിരമിക്കല്‍ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശചെയ്തു. കൂടാതെ ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണം, പി.എസ്.സി ഒരു തസ്തികക്ക് നാല് അവസരം മതി, പ്രായപരിധി ഭേദഗതി തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സര്‍ക്കാറിന് മുന്നാകെ സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം. അങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഒമ്പത് പൊതുഅവധി മതി. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വേണം ഇതനുവദിക്കാന്‍. ജാതിമത ഭേദമന്യേ ആര്‍ക്കും ഇത്തരം അവധികള്‍ക്ക് അപേക്ഷിക്കാം. നിയന്ത്രിത അവധികള്‍ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തണം. 2019-ല്‍ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫീസുകള്‍ അവധിയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകള്‍ നേരത്തേ തുടങ്ങണം. ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണം. രാവിലെ ഒമ്പതിനാണ് ഓഫീസുകള്‍ തുറക്കേണ്ടത്. പ്രത്യേകസമയം പറഞ്ഞിട്ടില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്‌കൂള്‍ തുറക്കണമെന്ന് കമ്മിഷന്‍ ഉദ്ദേശിക്കുന്നതായി ശുപാര്‍ശയില്‍നിന്ന് വ്യക്തം. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40-ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ. കുറഞ്ഞപ്രായം 18-ല്‍നിന്ന് 19 ആക്കണം. പട്ടികജാതി/പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ പ്രായം ഇതനുസരിച്ച് ക്രമീകരിക്കണം. പരീക്ഷയെഴുതാനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.

Next Story

RELATED STORIES

Share it