Kerala

ഐഎഫ്എഫ്‌കെ: കൊച്ചിയില്‍ നാളെ തിരിതെളിയും

ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് തിരി തെളിയിക്കും.

ഐഎഫ്എഫ്‌കെ: കൊച്ചിയില്‍ നാളെ തിരിതെളിയും
X

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐഎഫ്എഫ്‌കെയുടെ കൊച്ചി പതിപ്പിന് നാളെ തിരിതെളിയും.മുഖ്യവേദിയായ സരിത തിയേറ്ററില്‍ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഐഎഫ്എഫ്‌കെ പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചുകൊണ്ടാണ് മേളയ്ക്ക് തുടക്കം കുറിക്കുന്നത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ 24 പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് തിരി തെളിയിക്കും. മേയര്‍ എം അനില്‍കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനകര്‍മ്മം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കും. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.സരിത സവിത,സംഗീത,ശ്രീധര്‍,കവിത,പദ്മ സ്‌ക്രീന്‍ 1 എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യവേദിയായ സരിത തിയേറ്റര്‍ കോംപ്‌ളക്‌സില്‍ എക്‌സിബിഷന്‍, ഓപണ്‍ ഫോറം എന്നിവ നടക്കും.

കൊച്ചിയില്‍ മേള രണ്ടു പതിറ്റാണ്ടിനുശേഷം

21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐഎഫ്എഫ്‌കെ കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. പിന്നീടുള്ള രണ്ട് മേളകളും തിരുവനന്തപുരത്തായിരുന്നു. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്ന നാലാമത് ഐഎഫ്എഫ്‌കെക്ക് ചരിത്രപരമായ പല പ്രാധാന്യങ്ങളുമുണ്ട്. ചലച്ചിത്രകലയുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ 1998ല്‍ ചലച്ചിത്ര അക്കാദമിക്ക് രൂപം നല്‍കിയതിനുശേഷം നടക്കുന്ന ആദ്യത്തെ മേളയായിരുന്നു കൊച്ചിയിലേത്. അതായത് ചലച്ചിത്ര അക്കാദമിയുടെ ആദ്യമേള. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐഎഫ്എഫ്‌കെക്ക് ലഭിച്ചത് ഈ മേളയിലാണ്. മല്‍സരവിഭാഗം ആരംഭിച്ചതും കൊച്ചിയില്‍ നടന്ന മേളയിലാണ്.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍

46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് 25ാമത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മല്‍സരവിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്റെ ആറു സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു മേഖലകളിലായി നടത്തുന്ന മേളയില്‍ എല്ലായിടത്തും ഒരേ സിനിമകള്‍ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍

2500 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. അക്കാദമി സൗജന്യമായി നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവായാല്‍ മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും.registration.iffk.inഎന്ന വെബ്‌സൈറ്റ് വഴിയും IFFK എന്ന ആപ്പ് വഴിയും സീറ്റ് റിസര്‍വേഷന്‍ നടത്താം. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും . രാവിലെ 8 മണിമുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം.

എക്‌സിബിഷന്‍

25 വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎഫ്എഫ്‌കെയുടെ സ്മരണകള്‍ പുതുക്കുന്ന ഫോട്ടോ എക്‌സിബിഷന്‍ മേള@ 25 മുഖ്യവേദിയായ സരിത തിയേറ്റര്‍ കോംപ്‌ളക്‌സില്‍ 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. സംവിധായകനും മാക്ട ചെയര്‍മാനുമായ ജയരാജ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഹോമേജ്

ഈയിടെ അന്തരിച്ച ചലച്ചിത്രപ്രതിഭകളായ ഫെര്‍ണാണ്ടോ സൊളാനസ്, കിം കി ഡുക്, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, രാമചന്ദ്രബാബു, സൗമിത്ര ചാറ്റര്‍ജി, ഭാനു അതയ്യ, സച്ചി, ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട് എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗത്തില്‍ ഒമ്പത് സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 18ന് വൈകീട്ട് 6.30ന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ മണ്‍മറഞ്ഞ പ്രതിഭകളെ അനുസ്മരിക്കും.

Next Story

RELATED STORIES

Share it