Kerala

ശുചിത്വം: പരപ്പനങ്ങാടി നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി

ശുചിത്വം: പരപ്പനങ്ങാടി നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് പദവി
X

പരപ്പനങ്ങാടി: ഇന്ത്യയിലെ വെളിയിട വിസര്‍ജന വിമുക്ത നഗരമായി കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച് ഭാരത് മിഷന്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയെ തിരഞ്ഞെടുത്തു. പൊതു ശുചിത്വം, പൊതുശൗചാലയങ്ങളുടെ മികച്ച പരിപാലനം, ആവശ്യത്തിന് ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ നേട്ടങ്ങള്‍ കൈവരിക്കുന്ന നഗരസഭകളെയാണ് ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ പ്ലസ് (ഒഡിഎഫ്പ്ലസ്) നഗരങ്ങളായി സ്വച്ച് ഭാരത് മിഷന്‍ സര്‍വേ നടത്തി തിരഞ്ഞെടുക്കുന്നത്. നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലും വെളിയിട മലമൂത്രവിസര്‍ജനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും മുഴുവന്‍ വീടുകളിലും ശൗചാലയ നിര്‍മാണം നടത്തിയതിനും നഗരസഭയെ നേരത്തെ ഒഡിഎഫ് ആയി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് നഗരത്തില്‍ വന്നുപോവുന്ന ജനങ്ങള്‍ക്ക് നിലവിലുള്ള പൊതുശൗചാലയങ്ങള്‍ക്കുപരി പെട്രോള്‍ ബങ്കുകള്‍, സര്‍ക്കാര്‍ കെട്ടിട സമുച്ചയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലെ ശൗചാലയങ്ങളും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി സാധിക്കുന്നുണ്ട്. ജില്ലയിലെ 12 നഗരസഭകളില്‍ പരപ്പനങ്ങാടി നഗരസഭയെ കൂടാതെ മലപ്പുറം, കോട്ടയ്ക്കല്‍ എന്നീ നഗരസഭകളാണ് ഒഡിഎഫ് പ്ലസ് പദവിക്ക് അര്‍ഹമായിട്ടുള്ളത്. ഇതോടെ ഈ പദവി നേടുന്ന മലപ്പുറം ജില്ലയിലെ മൂന്നാമത്തെ നഗരസഭയായി പരപ്പനങ്ങാടി നഗരസഭ മാറി. ഭാവിയിലും ശൗചാലയമില്ലാത്ത ഒരു കുടുംബം പോലും നഗരസഭയിലുണ്ടാവാന്‍ പാടില്ലെന്നുള്ള തീരുമാനം ഒറ്റക്കെട്ടായി നഗരസഭ കൗണ്‍സിലര്‍മാര്‍ എടുത്തിട്ടുണ്ട്.

നഗരസഭയിലെ 45 കൌണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും വിവിധ സ്ഥാപനങ്ങളുടെയും പരപ്പനങ്ങാടിയിലെ ഓരോ പൗരന്‍മാരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളും സഹകരണവുമാണ് നഗരസഭയ്ക്ക് ഒഡിഎഫ് പ്ലസ് അംഗീകാരം ലഭിക്കാനിടയായതെന്ന് നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സന്‍ ശഹര്‍ബാന്‍, ആരോഗ്യ സ്റ്റാന്റിങ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ ടി രാകേഷ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ ജ്യോതിഷ്, നഗരസഭ സെക്രട്ടറി കെ എസ് ദിനേശ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it