Kerala

ചുഴലിക്കാറ്റില്‍ കോട്ടയം വൈക്കത്ത് 2.42 കോടിയുടെ നാശനഷ്ടം

23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റില്‍ കോട്ടയം വൈക്കത്ത് 2.42 കോടിയുടെ നാശനഷ്ടം
X

കോട്ടയം: ചുഴലിക്കാറ്റിലും കനത്ത മഴയിലും വൈക്കം താലൂക്കിലെ വിവിധ മേഖലകളില്‍ 2.34 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും വൈദ്യുതി വിതരണ സംവിധാനത്തിനും നാശം സംഭവിച്ചു. 23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ഏറ്റവുമധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് ടി.വി പുരം വില്ലേജിലാണ്. ഇവിടെ 21 വീടുകള്‍ക്ക് സാരമായ നാശം സംഭവിച്ചു. 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈക്കം വില്ലേജില്‍ 120 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ട്രാന്‍സ്‌ഫോമറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ തുടങ്ങിയവ തകര്‍ന്നയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈക്കം ക്ഷേത്രത്തില്‍ 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്ക്.

വാഴ, കമുക്, ജാതി, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചയിനത്തില്‍ 29.60 ലക്ഷം രൂപയാണ് നഷ്ടം. ജില്ലാ കലക്ടര്‍ പി കെ സുധീര്‍ ബാബു സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സി കെ ആശ എംഎല്‍എ, മുന്‍ എംഎല്‍എ വി എന്‍ വാസവന്‍, അസിസ്റ്റന്റ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, വൈക്കം നഗരസഭാ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, വൈസ് ചെയര്‍പേഴ്‌സന്‍ ഇന്ദിരാദേവി, ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍, വൈക്കം തഹസില്‍ദാര്‍ എസ് ശ്രീജിത്ത് തുടങ്ങിയവരുമെത്തിയിരുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it