Kerala

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം:ജല അതോറിറ്റിയും പൊതുമരാമത്തും തമ്മില്‍ തര്‍ക്കം ; ജല അതോറിറ്റി മറുപടി പറയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഈ മാസം 22 ന് രാവിലെ പത്തിന് പത്തടിപ്പാലം പൊതു മരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും

പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം:ജല അതോറിറ്റിയും പൊതുമരാമത്തും തമ്മില്‍ തര്‍ക്കം ; ജല അതോറിറ്റി മറുപടി പറയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറി മരിക്കാനിടയായത് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടു മാത്രമാണെന്ന് പൊതുമരാമത്ത് വകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അപകടത്തിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിന്റെ ചുമലില്‍ കെട്ടി വയ്ക്കാന്‍ ജല അതോറിറ്റി ശ്രമിച്ചതായും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (നിരത്ത് വിഭാഗം) കമ്മീഷനെ അറിയിച്ചു.

ഗുരുതരമായ ആരോപണങ്ങള്‍ ജല അതോറിറ്റിക്കെതിരെ പൊതു മരാമത്ത് വകുപ്പ് ഉന്നയിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന് ജല അതോറിറ്റി കൃത്യമായ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചുകൊണ്ട് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി.2019 ഡിസംബര്‍ 12 നാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കോമത്ത് ലൈന്‍ ഭാഗത്ത് ബൈക്ക് യാത്രികനായ യദുലാല്‍ മരിച്ചത്. 2019 സെപ്റ്റംബര്‍ 17 നാണ് മെട്രോ സ്‌റ്റേഷന് സമീപമുള്ള ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതെന്ന് ജല അതോറിറ്റി എം ഡി കമ്മീഷനെ അറിയിച്ചു.

18 ന് ചോര്‍ച്ച പരിഹരിക്കാനുള്ള അനുമതിക്കായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സി്ക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് മെയില്‍ അയച്ചു. 2018 ജനുവരി 5 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടിയന്തിര അറ്റകുറ്റ പണികള്‍ നടത്തണമെങ്കിലും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണം. ഡിസംബര്‍ 12 ന് യുവാവ് കുഴിയില്‍ വീണ് മരിച്ചയുടന്‍ ചോര്‍ച്ച പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയതായി എം ഡി അറിയിച്ചു. ഇതിനു മറുപടിയായി പൊതുമരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ജല അതോറിറ്റിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.അപകടത്തെ തുടര്‍ന്ന് നാലു ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പ് സസ്‌പെന്റ് ചെയ്തിട്ടും ജല അതോറിറ്റി ഒരാള്‍ക്കെതിരെ പോലും നടപടിയെടുത്തില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ചോര്‍ച്ച പരിഹരിക്കാന്‍ റോഡ് മുറിക്കുന്നതിനുള്ള അപേക്ഷ ജല അതോറിറ്റിയില്‍ നിന്നും 2019 സെപ്റ്റംബര്‍ 18 ന് ലഭിച്ചതായി പൊതുമരാമത്ത് സമ്മതിച്ചു. എന്നാല്‍ 2016 നവംബര്‍ 21 ലെ സര്‍ക്കാര്‍ ഉത്തരവ് 1640/2016 പ്രകാരം അടിയന്തിര സാഹചര്യത്തില്‍ പൊതു മരാമത്തിനെ അറിയിച്ച ശേഷം ജല അതോറിറ്റിക്ക് പണി നടത്താമെന്നും അതിന് ശേഷം മാത്രം അപേക്ഷ നല്‍കി പണം കെട്ടിവച്ചാല്‍ മതിയെന്നും പറയുന്നു. അപകടം നടന്ന ഡിസംബര്‍ 12 വരെ ജല അതോറിറ്റി അയച്ച ഇമെയിലില്‍ ഒരു തുടര്‍ നടപടിയും ജല അതോറിറ്റി സ്വീകരിച്ചില്ല.

അടിയന്തിര സാഹചര്യങ്ങളില്‍ തങ്ങളുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ ജല അതോറിറ്റിക്ക് പണി ചെയ്യാമായിരുന്നിട്ടും അടിയന്തിര അറ്റകുറ്റ പണിക്ക് പൊതുമരാമത്തിന്റെ അനുമതി വേണമെന്ന് ജല അതോറിറ്റി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നയുടനെ ജല അതോറിറ്റി ചോര്‍ച്ച അടച്ച് കുഴി നികത്തിയത് 2016 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തിലാണെന്നും പൊതുമരാമത്ത് കുറ്റപ്പെടുത്തി. 2016 ലെ സര്‍ക്കാര്‍ ഉത്തരവ് ജല അതോറിറ്റി കൃത്യമായി പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഈ മാസം 22 ന് രാവിലെ പത്തിന് പത്തടിപ്പാലം പൊതു മരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

Next Story

RELATED STORIES

Share it