ശമ്പളത്തിൽ നിന്നും പിടിച്ചത് 4,60,000; ബാങ്കിലടച്ചത് 50,000: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കെഎസ്ആർടിസി പാപ്പനംകോട് ടയർഷോപ്പിൽ നിന്നും ഇക്കഴിഞ്ഞ ജൂൺ 30 ന് വിരമിച്ച ചാർജ്മാൻ എം എസ് രവികുമാർ നൽകിയ പരാതിയിലാണ് നടപടി. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷവും രവികുമാർ വായ്പ എടുത്തിരുന്നു.

ശമ്പളത്തിൽ നിന്നും പിടിച്ചത് 4,60,000; ബാങ്കിലടച്ചത് 50,000: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം : വായ്പാ കുടിശിക വരുത്തിയതിന് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും 4,60,000 ഈടാക്കിയ ശേഷം 50,000 രൂപ മാത്രം ബാങ്കുകളിൽ അടച്ച കെഎസ്ആർടിസിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

കെഎസ്ആർടിസി പാപ്പനംകോട് ടയർഷോപ്പിൽ നിന്നും ഇക്കഴിഞ്ഞ ജൂൺ 30 ന് വിരമിച്ച ചാർജ്മാൻ എം എസ് രവികുമാർ നൽകിയ പരാതിയിലാണ് നടപടി. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷവും രവികുമാർ വായ്പ എടുത്തിരുന്നു. ട്രാൻസ്പോർട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിന്റെ ശമ്പളത്തിൽ നിന്നും കോർപ്പറേഷൻ ഈടാക്കിയിരുന്നു. മൊത്തം 4,60,000 രൂപയാണ് റിക്കവറി നടത്തിയത്.

എന്നാൽ ട്രാൻസ്പോർട്ട് സൊസൈറ്റിയിൽ 30,000 രൂപയും അനന്തപുരം ബാങ്കിൽ 20,000 രൂപയും മാത്രമാണ് കോർപ്പറേഷൻ അടച്ചതെന്ന് പരാതിയിൽ പറയുന്നു. ബാക്കി തുക എവിടെ പോയെന്ന് കോർപ്പറേഷൻ പറയുന്നില്ലെന്ന് പരാതിയിലുണ്ട്.

തുക യഥാസമയം അടയ്ക്കാത്തതിനാൽ ബാങ്കുകളുടെ നിയമനടപടിക്ക് താൻ വിധേയനാവുകയാണെന്ന് പരാതിക്കാരൻ പറഞ്ഞു. പലവട്ടം കെഎസ്ആർടിസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുതലും പലിശയും പിഴപലിശയും ചേർന്ന് വലിയൊരു തുക അടയ്ക്കേണ്ട ഗതികേടിലാണ് പരാതിക്കാരൻ.

സർവീസിൽ ഉണ്ടായിരുന്നപ്പോൾ തനിക്ക് 36000 രൂപ മാത്രമാണ് ശമ്പളം ഉണ്ടായിരുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. ഇതിൽ നിന്നാണ് 20000 രൂപ വീതം പിടിച്ചത്. തനിക്ക് ലഭിക്കേണ്ട പെൻഷൻ ആനുകൂല്യങ്ങൾ സൊസൈറ്റികൾ പിടിച്ചെടുക്കാൻ പോവുകയാണെന്ന് പരാതിക്കാരൻ അറിയിച്ചു. തന്റെ ജീവിതം കോർപ്പറേഷൻ തകർത്തു. തുക അടച്ചില്ലെങ്കിൽ ആകെയുള്ള സമ്പാദ്യം ജപ്തി ചെയ്യും. മകളുടെ വിവാഹം പോലും നടതാനാവാത്ത അവസ്ഥയിലാണ് താനെന്ന് പരാതിയിൽ പറയുന്നു. ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും താൻ അടിമയാണ്.

RELATED STORIES

Share it
Top