Kerala

കുട്ടികളെ തട്ടിക്കൊണ്ടുപോവൽ: നിരീക്ഷണസെൽ രൂപീകരിക്കാനുള്ള സാധ്യത തേടി മനുഷ്യാവകാശ കമ്മീഷൻ

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബഹ്റക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

കുട്ടികളെ തട്ടിക്കൊണ്ടുപോവൽ: നിരീക്ഷണസെൽ രൂപീകരിക്കാനുള്ള സാധ്യത തേടി മനുഷ്യാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ തടയാനും നാടോടികളെയും ഇതര സംസ്ഥാനക്കാരെയും നിരീക്ഷിക്കാനും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പോലിസിൽ പ്രത്യേക സെൽ രൂപീകരിക്കേണ്ടതിന്റെ സാധ്യത പരിശോധിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് റിപ്പോർട്ട് ആവശ്യപ്പെട്ടു.

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബഹ്റക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 2017ൽ 100 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2018ൽ ഇത് 205 ആയി. 2019ൽ 267 ആയി. 2016 മേയ് മുതൽ 2019 വരെ തട്ടികൊണ്ടു പോയത് 578 കുട്ടികളെയാണ്. ദേവനന്ദയെ കാണാതായപ്പോൾ എല്ലാവരും സംശയ ദൃഷ്ടിയോടെ വീക്ഷിച്ചത് ഇതര സംസ്ഥാനക്കാരായ നാടോടികളെയും കച്ചവടക്കാരെയുമാണ്.

കേരളത്തിൽ ആയിരകണക്കിന് നാടോടികളും ഇതര സംസ്ഥാന കച്ചവടക്കാരുമാണ് ദിവസേനെ എത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ആർക്കും എപ്പോഴും വരികയും പോവുകയും ചെയ്യാവുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കണക്ക് പോലിസിന്റെ കൈയിലോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ കൈയിലോ ഇല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ കാണാതെ പോകുന്നുണ്ട്. പലപ്പോഴും അത് വാർത്തയാകാറില്ല. കണ്ടെത്താറുമില്ല. ഇത്തരം സംഭവങ്ങളിൽ നാടോടി സ്ത്രീകളെയാണ് പോലിസ് സംശയിക്കുന്നത്. വീടുകളിൽ ഭിക്ഷക്കും കച്ചവടത്തിനുമെത്തുന്ന ഇതര സംസ്ഥാനക്കാരെയും സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന പോലിസിൽ എസ്പിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാനക്കാരായ നാടോടികളെയും കച്ചവടക്കാരെയും തൊഴിലാളികളെയും നിരീക്ഷിക്കാൻ ഒരു പ്രത്യേക സെൽ രൂപികരിച്ചാൽ ഇതര സംസ്ഥാനക്കാരെ സംശയ ദൃഷ്ടിയോടെ നോക്കുന്നതു അവസാനിപ്പിക്കാനാവും. കുറ്റക്യത്യങ്ങളും തടയാൻ സാധിക്കും. പ്രസ്തുത സെല്ലിൽ നാടോടികളുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം. എവിടെ കുറ്റകൃത്യം നടന്നാലും സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനമാണ് വരേണ്ടത്. നാടോടികളും ഇതര സംസ്ഥാനക്കാരും കേരളത്തിലെത്തുമ്പോൾ പോലിസ് ഒരു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണം. ഇത് കൃത്യമായ പരിശോധനക്ക് വിധേയമാക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ പി കെ രാജു ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it