Kerala

'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം' ; പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

വിഷരഹിത പച്ചക്കറി അവകാശമായാല്‍ കാര്‍ഷികമേഖല മുന്നേറും: മന്ത്രി പി പ്രസാദ്

എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം ; പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
X

ആലപ്പുഴ: വിഷരഹിതമായ പച്ചക്കറി നമ്മുടെ അവകാശമാണെന്ന തീരുമാനം കൈക്കൊണ്ടാല്‍ കാര്‍ഷികമേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പി പ്രസാദ് . കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷനും വെജിറ്റബിള്‍-ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നല്ല പച്ചക്കറിയുടെയും പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെയും കാര്യത്തില്‍ നാം ഏറെ പിന്നിലാണ്. ഈ പോരായ്മ വലിയ വിടവു തന്നെയാണ്. ഇതു പരിഹരിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ പരമപ്രധാന ലക്ഷ്യം. വിഷം നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്നും മലയാളികളെ മാറ്റേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ഇതിന് ശക്തമായ ഇടപെടല്‍ തീര്‍ക്കേണ്ടതുണ്ട്. ഈ ഇടപെടലുകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാവരും മുന്നോട്ട് വരണം. വിഷരഹിതമായ പച്ചക്കറി മാത്രമേ കഴിക്കൂ എന്ന തീരുമാനം നാമോരോരുത്തരുടെയും ചിന്തയും ബോധ്യവുമാകണം.

അതിനായി നടപ്പാക്കുന്ന ഓരോ പദ്ധതിയും എല്ലാവരുടെയും മനസില്‍ ഉണ്ടാവണം. മനസില്‍ ഉണ്ടായാല്‍ മാത്രമേ മണ്ണില്‍ പ്രാവര്‍ത്തികമാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ അഞ്ചു വര്‍ഷക്കാലം കൊണ്ട് സാധിക്കും. ബജറ്റിലെ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ കൃഷിഭവനുകള്‍ക്ക് വലിയ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

വരുന്ന അഞ്ച് വര്‍ഷക്കാലം സമസ്ത മേഖലയേയും സ്പര്‍ശിക്കുന്ന വലിയ വികസന മുന്നേറ്റം ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. പച്ചക്കറിയിലെന്ന പോലെ മുട്ട, പാല്‍ എന്നിവയില്‍ കൂടി സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വീട്ടിലും പോഷക തോട്ടം എന്ന പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നല്‍കുന്ന 25,000 പോഷക തോട്ടങ്ങളും ഇതോടനുബന്ധിച്ച് ചെറുകിട കൂണ്‍ കൃഷി യൂണിറ്റുകളും പദ്ധതിയിലൂടെ നടപ്പാക്കും.

Next Story

RELATED STORIES

Share it