Kerala

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ അര്‍ഷോയ്ക്ക് പരീക്ഷ എഴുതുന്നതിനാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: വധശ്രമക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്ത എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ അര്‍ഷോയ്ക്ക് പരീക്ഷ എഴുതുന്നതിനാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെ അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഈ കേസില്‍ ജാമ്യം നേടിയതിനു ശേഷം വിവിധ കേസുകളില്‍ പങ്കാളിയായി എന്നതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.എന്നാല്‍ പോലിസ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്യാന്‍ തയ്യാറായിരുന്നില്ല.ഒളിവിലാണ് എന്നായിരുന്നു പോലിസിന്റെ വാദം.എന്നാല്‍ വിവിധ സമ്മേളനങ്ങളില്‍ അര്‍ഷോ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്തുവന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അര്‍ഷോയെ പോലിസ് അറസ്റ്റു ചെയ്തത് റിമാന്റു ചെയ്തത്.

ജാമ്യം തേടി വീണ്ടും അര്‍ഷോ ആദ്യം ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും രണ്ടു കോടതിയും ഹരജി തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അര്‍ഷോ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.എന്നല്‍ അര്‍ഷോയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍വിഭാഗം ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.പരീക്ഷ എഴുതാന്‍ അര്‍ഷോയ്ക്ക് കഴിയില്ലെന്നും ആവശ്യമായ ഹാജര്‍ ഇല്ലെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം.എന്നാല്‍ പരീക്ഷ എഴുതുന്നതിനായി ഹൈക്കോടതി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.അടുത്ത മാസം നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

ഇതിനിടയില്‍ പരീക്ഷ എഴുതാന്‍ അര്‍ഷോയ്ക്ക് കോളജ് അധികൃതര്‍ നിയമ വിരുദ്ധമായിട്ടാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചതെന്നും ഇതിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ഇല്ലാതിരിക്കെ അര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടിയാണ് ഇടതുപക്ഷ സംഘടനയിലെ അധ്യാപകര്‍ ഇടപെട്ട് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഹാള്‍ ടിക്കറ്റ് നല്‍കിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it