Kerala

'ക്യാർ' ചുഴലിക്കാറ്റ്: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

'ക്യാർ' ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.

ക്യാർ ചുഴലിക്കാറ്റ്: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ക്യാർ' ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.

വെള്ളിയാഴ്ച പകൽ 16 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 71.6 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംബയിൽ നിന്ന് 370 കിലോമീറ്റർ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റർ ദൂരത്തിലുമായിരുന്നു ക്യാർ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറിൽ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. തുടർന്നുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്.

'ക്യാർ' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിൽ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it