Kerala

കനത്ത മഴയിൽ തീരദേശത്തും മലയോര മേഖലയിലും വ്യാപക നാശനഷ്ടം

കേരളം - ലക്ഷദ്വീപ് തീരത്ത് നിന്ന് ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മൽസ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 15 നു ഉള്ളില്‍ തീരത്ത് എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയിൽ തീരദേശത്തും മലയോര മേഖലയിലും വ്യാപക നാശനഷ്ടം
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ രണ്ടു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കേരളം - ലക്ഷദ്വീപ് തീരത്ത് നിന്ന് ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മൽസ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 15 നു ഉള്ളില്‍ തീരത്ത് എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയിലും മലയോരമേഖലയിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. നഗരത്തിലും വെള്ളപ്പൊക്കമുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൂര്‍ണമായി തോര്‍ന്നിട്ടില്ല. രാത്രിയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്.

ജില്ലയുടെ മലയോര മേഖലകളായ പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം വ്യാപകമായ നാശനഷ്ടമുണ്ട്. വാമനപുരം നദി കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. വിനോദസഞ്ചാര മേഖലകളിലുള്ളവരോടും എത്രയും വേഗം മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നാഗർകോവില്‍ പാതയില്‍ മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായി. മണ്ണ് പൂര്‍ണമായും മാറ്റി ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ട്രാക്കിലെ മണ്ണ് മാറ്റാന്‍ ഇനിയും സമയം വേണ്ടിവരും. നെയ്യാറ്റിന്‍കരയില്‍ പാലം ഭാഗികമായി തകര്‍ന്നതിനാല്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ തമിഴ്‌നാട്ടിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കുമുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്.



Next Story

RELATED STORIES

Share it