Kerala

കനത്ത മഴ തുടരുന്നു: കാസർകോഡ് റെഡ് അലർട്ട്; ഫോർട്ട്കൊച്ചിയിൽ ഒരാളെ കാണാതായി

വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടി.

കനത്ത മഴ തുടരുന്നു: കാസർകോഡ് റെഡ് അലർട്ട്; ഫോർട്ട്കൊച്ചിയിൽ ഒരാളെ കാണാതായി
X

തിരുവനന്തപുരം: കേരളത്തിലുടനീളം കനത്ത മഴ. രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടി. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കരുത്താർജിച്ചത്. ശക്തമായ മഴ പെയ്യുന്നതിനാൽ കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടർ തുറന്നു.

കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോടും കനത്ത മഴ പെയ്യാനിടയുണ്ട്. കൊല്ലം മുതൽ തൃശ്ശൂർ വരെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം കയറി. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. നാളെ അർധരാത്രി വരെ പൊഴിയൂർ മുതൽ കാസർഗോഡ് തീരത്ത് വരെ 3.5 മീറ്റർ മുതൽ 4.3 മീറ്റർ ഉയരത്തിൽ തിരയുണ്ടാകാൻ സാധ്യതയുണ്ട്.

മത്സ്യതൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തില്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓഖി സമയത്ത് ഇങ്ങനെ ചെയ്തപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.

എറണാകുളം ജില്ലയുടെ മലയോര - തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലയോരമേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഇതോടെ മലങ്കരഡാമിന്റെ രണ്ട് ഷട്ടറുകളും ഭൂതത്താന്‍ കെട്ട് ഡാമിന്റെ 9 ഷട്ടറുകളും തുറന്നു. കോതമംഗലം കുട്ടന്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ‌ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ ഉറയംപെട്ടി, വെള്ളാരംകുന്ന് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടനിലയിലാണ്. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. താലൂക്കടിസ്ഥാനത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായതോടെ തീരദേശമേഖലകളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. ‌

Next Story

RELATED STORIES

Share it