Kerala

അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി

അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ.

അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി
X

തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ സര്‍വേയുമായി ബന്ധപെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ആഗസ്തിൽ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

ആധാര്‍ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിയ്ക്കായുള്ള കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികള്‍ക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ സര്‍വേയിലൂടെ സാധിക്കും.

പൗരത്വ ഭേദഗതി നിയമം വരുന്നതിന് മുമ്പേ ആരംഭിച്ച സര്‍വേയാണിത്. മാര്‍ച്ചിനുള്ളില്‍ തന്നെ ഈ സര്‍വേ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന കുടുംബ സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നമ്മുടെ നാടിന്റെ പോഷണക്കുറവ് പരിഹരിക്കാനായി നടത്തുന്ന ഈ വലിയ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it