Kerala

അമിത ഡോസിലുള്ള അനുവദനീയമല്ലാത്ത സ്റ്റിറോയ്ഡ് ഉപയോഗം; ആരോഗ്യ വകുപ്പ് പരിശോധന നടത്തി

പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനും പഴയ സിനിമാ തിയ്യേറ്ററിനും സമീപത്തായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോ. ജോര്‍ജ്ജ് ജോണിന്റെ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്.

അമിത ഡോസിലുള്ള അനുവദനീയമല്ലാത്ത സ്റ്റിറോയ്ഡ് ഉപയോഗം;  ആരോഗ്യ വകുപ്പ് പരിശോധന നടത്തി
X

മാള: സ്വകാര്യ ക്ലിനിക്കില്‍ രോഗികളില്‍ അനുവദനീയമല്ലാത്തതുമായ സ്റ്റിറോയ്ഡ് അമിത ഡോസില്‍ ഉപയോഗിക്കുന്നെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനും പഴയ സിനിമാ തിയ്യേറ്ററിനും സമീപത്തായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോ. ജോര്‍ജ്ജ് ജോണിന്റെ ക്ലിനിക്കിലാണ് പരിശോധന നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ജെ റീനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. രാവിലെ ഒന്‍പത് മണിയോടെ തുടങ്ങിയ പരിശോധന വൈകീട്ട് ആറുമണിക്ക് ശേഷമാണ് അവസാനിച്ചത്.

മനുഷ്യന് ഉപയോഗിക്കാനാകാത്ത സ്റ്റിറോയ്ഡ് അടക്കം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘത്തെ വരുത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയും മരുന്നുകളും രേഖകളും പിടിച്ചെടുക്കുകയുമുണ്ടായി. ക്ലിനിക്ക് നടത്തുന്ന വീട്ടില്‍ അനുമതിയില്ലാതെ രോഗികളെ കിടത്തി ചികിത്സ നടത്താനായി കട്ടിലുകളും കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. മസിലുകള്‍ പെരുപ്പിക്കാനായാണ് അനുവദനീയമല്ലാത്തതും അമിത ഡോസിലുള്ളതുമായ സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് വന്നിരുന്നത്.

അനുവദനീയമല്ലാത്തതടക്കമുള്ള ധാരാളം മരുന്നുകളുടെ ശേഖരം വീട് വാടകക്ക് എടുത്ത് നടത്തിയിരുന്ന ക്ലിനിക്കിലുണ്ടായിരുന്നു. പലതിലും നിര്‍മ്മാതാക്കളുടെ പേരടക്കമുള്ള വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. പല മരുന്നുകളും വാങ്ങിയ ബില്ലുകളുമുണ്ടായിരുന്നില്ല. വിദേശങ്ങളില്‍ നിന്നുമുള്ള മരുന്നുകളുമായി ബന്ധപ്പെട്ട ഇറക്കുമതി രേഖകളുണ്ടായിരുന്നുമില്ല. ഡ്രഗ്‌സ് സൂക്ഷിക്കുന്നതില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ട്. അമിത ഡോസിലുള്ള മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. അമിത തോതിലുള്ള നിരക്കും ഈടാക്കിയിരുന്നു. മരുന്നുകള്‍ കഴിച്ച പല രോഗികളേയും മറ്റാശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വന്നിട്ടുണ്ട്. കൂടുതലായും ഇഞ്ചക്ഷനാണെടുത്തിരുന്നത്. ഇഞ്ചക്ഷനെടുത്ത സൂചിയും മറ്റും നശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും ചാക്കുകളിലും മറ്റുമായി കെട്ടി സൂക്ഷിക്കുകയാണ്. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ക്ലിനിക്കില്‍ ചികിത്സ തേടിയ രോഗിയുടെ പരാതി ലഭിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ഡി എം ഒയെ കൂടാതെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആന്റ് ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എം പി വിനയന്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി ഐ ജോഷി, ടെസ്സി തോമസ്, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ രാജു തുടങ്ങിയവരുമുണ്ടായിരുന്നു. പിടിച്ചെടുത്ത മരുന്നുകളും രേഖകളും ഇന്ന് ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it