Kerala

'ഹരിത' വിവാദം: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും

ഹരിത വിവാദം: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും
X

കോഴിക്കോട്: മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന 'ഹരിത' വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ നാളെ മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ തഹ്‌ലിയ അറിയിച്ചത്. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനും എംഎസ്എഫ് നേതാക്കളോട് വിശദീകരണം തേടാനുമുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനത്തിനെതിരേ പരോക്ഷവിമര്‍ശനവുമായി തഹ്‌ലിയ നേരത്തെ രംഗത്തുവന്നിരുന്നു. ആണഹന്തക്കെതിരേ പൊരുതിയ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നായിരുന്നു തഹ്‌ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ഇതെത്തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചത്.

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, പരാതി പറഞ്ഞ ഹരിതക്കെതിരേ നടപടിയെടുത്തത് സംഘടനയ്ക്കുള്ളില്‍ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലീഗ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ- ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുസ്സമദ് രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it