Kerala

വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: സംഘാടകര്‍ക്ക് വീഴ്ചപറ്റിയെന്ന് മൂന്നംഗസമിതി

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന അഫീലിന്റെ ആരോഗ്യനില കൂടുതല്‍ മോശമാവുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തസമ്മര്‍ദം സാധാരണനിലയിലാവുകയും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയില്‍ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ വൃക്കകളുടെ പ്രവര്‍ത്തനം മോശമായി.

വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവം: സംഘാടകര്‍ക്ക് വീഴ്ചപറ്റിയെന്ന് മൂന്നംഗസമിതി
X

കോട്ടയം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. സംഘാടകര്‍ ഒരേസമയം നിരവധി മല്‍സരങ്ങള്‍ നടത്തി. കൂടാതെ മൂന്നുദിവസംകൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും മൂന്നംഗ സമിതി വ്യക്തമാക്കി. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ കെ വേണു, സായിയില്‍നിന്ന് വിരമിച്ച അത്‌ലറ്റിക്ക് കോച്ച് എം ബി സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി ഡിജു എന്നിവരടങ്ങിയ സമിതിയെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായികവകുപ്പ് നിയോഗിച്ചിരുന്നത്.

സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ചപറ്റിയതായി ആര്‍ഡിഒയും വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് പാലായില്‍ നടന്ന അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ് (16) പരിക്കേറ്റത്. ഗ്രൗണ്ടില്‍നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന അഫീലിന്റെ ആരോഗ്യനില കൂടുതല്‍ മോശമാവുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തസമ്മര്‍ദം സാധാരണനിലയിലാവുകയും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയില്‍ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ വൃക്കകളുടെ പ്രവര്‍ത്തനം മോശമായി. ഇതോടെ അഫീലിനെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു. എന്നാല്‍, ഡയാലിസിസ് ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ശരീരത്തിന് ക്ഷതവും തലയോട്ടിയിലെ പൊട്ടലും മൂലമുണ്ടാവുന്ന അണുബാധയാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതെന്ന് നെഫ്രോളജി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ന്യൂറോ സര്‍ജറി മേധാവി ഡോ. പി കെ ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. അശ്രദ്ധമായി മേള സംഘടിപ്പിച്ചതിനാണ് ഫെഡഷേറന്‍ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തത്.

Next Story

RELATED STORIES

Share it