Kerala

കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം; പ്രചരിക്കുന്നത് 2017ലെ വീഡിയോ

രണ്ടുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം; പ്രചരിക്കുന്നത് 2017ലെ വീഡിയോ
X
2017ല്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിന്റെ ദൃശ്യം

കോഴിക്കോട്: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ മറ്റൊരു അപകടത്തിന്റേത്. രണ്ടുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ നിരവധിപേരാണ് ഈ പഴയ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുട്ടിയെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചും ഫെയ്‌സ്ബുക്കുകളിലും വാട്‌സ് ആപ്പുകളിലും പങ്കുവച്ചുകൊണ്ടിരിക്കുന്നത്. 2017 ആഗസ്ത് 16നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ സംഭവമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍കിണറില്‍ വീണത്.

15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് വില്‍സണിന്റേത് എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍കിണറില്‍ വീണ സുജിത് വില്‍സനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഞായറാഴ്ച രാത്രി വൈകിയും പുരോഗമിക്കുകയാണ്. കുഴല്‍ക്കിണറില്‍ വീണ് 52 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലംകണ്ടിട്ടില്ല. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ സേനാ വിഭാഗങ്ങള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it